‘പുനര്‍ഗേഹം’ മത്സ്യത്തൊഴിലാളികള്‍ പെരുവഴിയാവുന്നു

കോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പെരുവഴിയായിമാറുന്നു.

സര്‍ക്കാര്‍സഹായം പ്രതീക്ഷിച്ച്‌ കടല്‍തീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്. വീട് നിര്‍മിക്കാൻ സ്ഥലം വാങ്ങിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് കാരണം പണം നല്‍കി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാൻപോലും കഴിയുന്നില്ല. വീടുനിര്‍മാണം തുടങ്ങിയവരും തുടര്‍ഗഡു ലഭിക്കാതെ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്.

മൂന്ന് സെന്റ് സ്ഥലംവാങ്ങി വീടുനിര്‍മിക്കാൻ 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. സ്ഥലം വാങ്ങാൻ ആറ് ലക്ഷവും വീട് വെക്കാൻ നാലു ലക്ഷവും. സ്ഥലം കണ്ടെത്തി വില നിശ്ചയിച്ച്‌ എഗ്രിമെന്‍റ് തയാറാക്കി ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചതിനുശേഷമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വീടിന് സ്ഥലംവാങ്ങാൻ അനുമതി ലഭിക്കുക. ഇങ്ങനെ അനുമതി ലഭിച്ച്‌ സ്ഥലം കച്ചവടമാക്കിയവര്‍ സ്ഥലം ഉടമകള്‍ക്ക് പണം കൈമാറി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാൻ കഴിയാതെ നട്ടം തിരിയുകയാണ്. പണം തിരിച്ചുകൊടുക്കാനാവാതെ സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും പലരും എഗ്രിമെന്റ് തിരികെ ആവശ്യപ്പെടുന്നത് വരുന്നത് പ്രയാസമുണ്ടാക്കുന്നതായും ഗുണഭോക്താക്കള്‍ പറഞ്ഞു.

പലതവണ തീയതി നിശ്ചയിച്ചിട്ടും രജിസ്ട്രേഷൻ മുടങ്ങി വലഞ്ഞ ഗുണഭോക്താക്കള്‍ കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ എത്തിയിരുന്നു. ഉടൻപണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ ഇവരെ തിരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 125 പേരാണ് പണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. പദ്ധതിയില്‍നിന്ന് പണം ലഭിക്കാൻ വൈകിയതുകാരണം ബേപ്പൂരില്‍ കഴിഞ്ഞ ദിവസം ഒരു മത്സ്യത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി റിയാസിന്‍റെ ഓഫിസ് ഇടപെട്ട് ഫണ്ട് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി പ്രശ്നം പരിഹരിക്കുകയായിരുന്നു.

തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതാണ് ‘പുനര്‍ഗേഹം’. 8743 കുടുംബങ്ങളാണ് സുരക്ഷിതമേഖലയില്‍ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും തടഞ്ഞുവെക്കുമെന്ന ഉദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങിയാണ് ഭൂരിഭാഗംപേരും തീരദേശം വിടാൻ തയാറായതെന്നും എന്നിട്ടും സര്‍ക്കാര്‍ സഹായം നല്‍കാത്തത് വഞ്ചനയാണെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.