‘വേണ്ടിവന്നാല്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാര്‍’; വിവാദ പരാമര്‍ശവുമായി കെ.ടി രാമറാവു

ഹൈദരാബാദ്: ആവശ്യമെങ്കില്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി കെ.ടി രാമറാവു.

ഞായറാഴ്ച തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ബി.ആര്‍.എസിനെ നിശബ്ദമാക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും ഭയപ്പെടാൻ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ബി.ആര്‍എസിനെ നിശബ്ദമാക്കാനും ഭയപ്പെടുത്താനും പല ഗൂഡാലോചനകളും നടക്കുന്നുണ്ട്. പക്ഷേ ഭയപ്പെടാൻ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങള്‍ പിന്തുണക്കുന്നിടത്തോളം കാലം ഞങ്ങള്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണ്” – കെ.ടി ആര്‍ പറഞ്ഞു.

കെ.ടി.ആറിന്‍റെ പരാമര്‍ശം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കെ.ടി.ആറിനും ബി.ആര്‍.എസിനും അല്ലാഹുവിനോടും ഭഗവാനോടും പോരാടേണ്ട ആവശ്യം എന്താണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പരാമര്‍ശം പിൻവലിക്കണമെന്നും രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

അതേസമയം നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബി.ആര്‍.എസ്. ഡിസംബര്‍ മൂന്നിനായിരിക്കും വോട്ടെടുപ്പ് നടക്കുക.