സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു
പെരുമ്പാവൂര്‍: ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പിന്നിലെ കനാല്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ ഉള്‍പ്പെടെ മാലിന്യം തള്ളി.
റോഡില്‍ കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചപ്പുചവറുകളും കുന്നുകൂടിയ സ്ഥിതിയാണ്. മഴ പെയ്യുമ്പോള്‍ കുപ്പിച്ചില്ലുകള്‍ വഴിയിലേക്ക് ഒഴുകുന്നത് കാല്‍നടക്കാര്‍ക്ക് ഭീഷണിയാണ്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂളിന്‍റെ പിറകുവശത്തുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും പടിഞ്ഞാറെ ചേലാമറ്റം, പെരുമറ്റം, തുരുത്ത്, താന്നിപ്പുഴ എന്നിവിടങ്ങളിലുള്ളവരും ആശ്രയിക്കുന്ന റോഡിലാണ് മാലിന്യക്കൂമ്പാരം. രണ്ടു മാസത്തോളമായി ഇത് കൂടിക്കിടക്കുകയാണ്. ഇതോടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ ഇവിടെ മാലിന്യം തള്ളുന്നു. കനാല്‍ റോഡായതിനാല്‍ രാത്രിയായാല്‍ ഈ ഭാഗത്ത് വെളിച്ചമില്ല. ഈ അവസരം മുതലാക്കിയാണ് മാലിന്യം തള്ളുന്നത്. സമീപത്ത് സി.സി.ടി.വി കാമറകള്‍ ഇല്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് സൗകര്യമാണ്. മാലിന്യം നീക്കം ചെയ്യാനും തള്ളുന്നവരെ പിടികൂടാനും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.