‘താരങ്ങളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരണോ? ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതായിരുന്നു’
കോഴിക്കോട്: അവശതയനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത പലര്‍ക്കും പണം ചെലവഴിച്ചതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കായികവകുപ്പിന്‍റെ കത്ത്.
കായികതാരങ്ങള്‍ക്കുള്ള ധനസഹായം മറ്റാരെങ്കിലും അപഹരിച്ചോയെന്ന് പരിശോധിക്കണമെന്ന് മുൻ അത്‌ലറ്റും പരിശീലകനുമായ പ്രമോദ് കുന്നുപുറത്ത് ആവശ്യപ്പെട്ടു.
കായികതാരങ്ങള്‍ക്ക് 7500 രൂപ മുതല്‍ 10,000 രൂപ വരെ താല്‍ക്കാലിക ധനസഹായം നല്‍കാൻ സര്‍ക്കാര്‍ 2021ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പണം ലഭിക്കാത്തവര്‍ക്കും അപേക്ഷ പോലും നല്‍കാത്തവര്‍ക്കും, ലഭിച്ച പണം എങ്ങനെയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാൻ സര്‍ക്കാറില്‍ നിന്ന് കത്ത് വന്നിരിക്കുകയാണെന്ന് പ്രമോദ് കുന്നുപുറത്ത് ചൂണ്ടിക്കാട്ടുന്നു.
അപേക്ഷ പോലും സമര്‍പ്പിക്കാത്തവരുടെ പേരിലും ബാങ്കില്‍ അക്കൗണ്ട് പോലുമില്ലാത്തവരുടെ പേരിലും മറ്റാരെങ്കിലും പണം അപഹരിച്ചോ എന്ന് പരിശോധിക്കണം. അപേക്ഷ പോലും സമര്‍പ്പിക്കാത്ത അനുഗ്രഹ എന്ന കായികതാരത്തിന് അടിയന്തരമായി വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് കാട്ടിയാണ് കത്ത് വന്നത്. മറ്റൊരു താരമായ ആകാശിനും ഇതേ അനുഭവം തന്നെ. ലഭിക്കാത്ത പൈസയുടെ കണക്ക് എങ്ങനെ ബോധിപ്പിക്കുവാൻ കഴിയും എന്നുള്ള ചിന്തയിലാണ് കുട്ടികള്‍.
നാടിനു വേണ്ടി വിയര്‍പ്പൊഴുക്കിക്കളിച്ച് മെഡലുകള്‍ കൊയ്ത താരങ്ങളുടെ 7500 രൂപയില്‍ കയ്യിട്ടു വാരിയിട്ടുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതായിരുന്നു -പ്രമോദ് കുന്നുപുറത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പ്രമോദ് കുന്നുപുറത്തിന്‍റെ പോസ്റ്റ്
മഹാകഷ്ടം എന്നല്ലാതെ എന്തു പറയുവാനാണ്. താരങ്ങളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരണോ?
അവശതഅനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് 7500 രൂപ മുതല്‍ 10000 രൂപ വരെ താല്‍ക്കാലിക ധനസഹായം നല്‍കുവാൻ സര്‍ക്കാര്‍ 2021ല്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ മറവില്‍ നടന്നിരിക്കുന്നത് സര്‍ക്കാര്‍ തന്നെ ഒന്ന് അന്വേഷിക്കണം.
അപേക്ഷ പോലും സമര്‍പ്പിക്കാത്തവരുടെ പേരിലും, ബാങ്കില്‍ അക്കൗണ്ട് പോലുമില്ലാത്തവരുടെ പേരിലും പണം അപഹരിച്ചോ എന്ന് പരിശോധിക്കണം. 38 കായികതാരങ്ങളില്‍ പലര്‍ക്കും പണം ലഭിച്ചിട്ടില്ല. അപേക്ഷ പോലും സമര്‍പ്പിക്കാത്ത അനുഗ്രഹക്കും ഇന്നലെ ഒരു ലെറ്റര്‍ വന്നു, കായിക യുവജന കാര്യാലയത്തില്‍ നിന്നും.
താങ്കള്‍ക്ക് ലഭിച്ച പൈസ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് അടിയന്തരമായി വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം പോലും. മറ്റൊരു താരമായആകാശിനും ഇതേ അനുഭവം തന്നെ. ലഭിക്കാത്ത പൈസയുടെ കണക്ക് എങ്ങനെ ബോധിപ്പിക്കുവാൻ കഴിയും എന്നുള്ള ചിന്തയിലാണ് കുട്ടികള്‍.
ലക്ഷങ്ങള്‍ മുടക്കി ക്യൂബൻ ചെസ്സ് താരങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടു കൂടി പ്രോത്സാഹനങ്ങള്‍ ഒരുക്കി നല്‍കുമ്ബോള്‍, ഈ നാടിനു വേണ്ടി വിയര്‍പ്പൊഴുക്കിക്കളിച്ച് മെഡലുകള്‍ കൊയ്ത അവശതയനുഭവിക്കുന്ന താരങ്ങളുടെ 7500 രൂപയില്‍ കയ്യിട്ടു വാരിയിട്ടുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതായിരുന്നു. കഷ്ടം!