മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു

റാന്നി: മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു. റാന്നിയില്‍നിന്ന് വെച്ചൂച്ചിയിലേറക്ക് പോകുന്ന പ്രധാന പാതയാണിത്.

പാതയില്‍ കുന്നം ആനമാടം ജങ്ഷനിലും വെച്ചൂച്ചിറ കാര്‍ഷിക സംഘം വിപണിക്കു സമീപം കുംഭിതോട്ടിലേക്ക് തിരിയുന്ന ഭാഗത്തും റോഡിന്‍റെ മധ്യഭാഗം വരെ ടാര്‍ ചെയ്യാതെ വലിയ കുഴിയായി.

വാഹനങ്ങള്‍ അടുത്തെത്തുമ്ബോള്‍ മാത്രമാണ് കുഴികള്‍ ശ്രദ്ധയില്‍പെടുന്നത്. നല്ല ഇറക്കമായതിനാല്‍ ബ്രേക്ക് ചെയ്താലും കുഴിയില്‍ വീഴുന്ന സ്ഥിതിയാണ്. വിജനമായ സ്ഥലത്ത് സന്ധ്യ കഴിഞ്ഞാല്‍ കൂരിരുട്ടായതിനാല്‍ അപകട സാധ്യത കൂടുതലാണ്. പ്രധാനമായും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. പോളിടെക്നിക്, നവോദയ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ട് വലിയ അപകടം നടന്നു. ഇരുചക്രവാഹങ്ങളാണ് അപകടത്തില്‍പെട്ടത്. ആദ്യ അപകടത്തില്‍ സ്ത്രീ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററിലാണ്. 18ന് നടന്ന അപകടത്തില്‍ വെച്ചൂച്ചിറ സ്വദേശികളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റു. പലരും അപകടത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.

അഞ്ചുകുഴി-കുടപ്പനക്കുളം റോഡും സഞ്ചാരയോഗ്യമല്ല

കോന്നി: അഞ്ചുകുഴി-കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനം വകുപ്പിന്റെ കീഴിലുള്ള 2.5 കിലോമീറ്റര്‍ റോഡാണ്‌ വര്‍ഷങ്ങളായി അറ്റകുറ്റപ്പണി ഇല്ലാതെ കിടക്കുന്നത്. വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഈ റോഡ് റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട്, മണിയാര്‍ റോഡിന്റെ ഭാഗമാണ്.

തണ്ണിത്തോട് പഞ്ചായത്തില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ആദ്യകാല റോഡായിരുന്നു ഇത്. എന്നാല്‍, പിന്നീട് കോന്നി-തണ്ണിത്തോട് റോഡ് വികസിച്ചതോടെ ഈ റോഡിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പത്തനംതിട്ടയില്‍നിന്ന് മണിയാര്‍, കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ് സര്‍വിസ് ഉണ്ടായിരുന്നു. റോഡ് തകര്‍ച്ചയെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തി.

തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതല്‍ സഞ്ചാരയോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗം തകര്‍ച്ചയിലായതുമൂലം കട്ടച്ചിറ, കുടപ്പനക്കുളം വനമേഖല പ്രദേശങ്ങളിലെ നാനൂറിലേറെ കുടുംബങ്ങളാണ് യാത്രാസൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നത്. കുടപ്പനക്കുളം നിവാസികള്‍ക്ക് തണ്ണിത്തോട് വില്ലേജ് ഓഫിസില്‍ എത്തണമെങ്കില്‍ കട്ടച്ചിറ വഴി ചിറ്റാര്‍-തണ്ണിത്തോട് റോഡിലെ നീലിപ്പിലാവില്‍ എത്തി ചുറ്റി പോകേണ്ടി വരും.