തുരങ്കത്തിലേക്ക് പുതിയ കുഴല്‍ കയറ്റി; കൂടുതല്‍ ഭക്ഷണം എത്തിക്കാനാകും

ഉത്തരകാശി: രക്ഷാദൗത്യം വഴിമുട്ടിനില്‍ക്കുന്നതിനിടെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കാൻ ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കടത്തി.മണ്ണിടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 53 മീറ്റര്‍ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്.

ഇത് നിര്‍ണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉള്‍പ്പെടെയുള്ള ഭക്ഷണവും മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും എത്തിക്കാനാകുമെന്നും നാഷനല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷൻ(എൻ.എച്ച്‌.ഐ.ഡി.സി.എല്‍) ഡയറക്ടര്‍ അൻഷു മനിഷ് കല്‍കോ വിശദീകരിച്ചു. തൊഴിലാളികളുടെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കാനും ഇതുവഴി സാധ്യതയുണ്ട്.

ഇവരെ പുറത്തെത്തിക്കാൻ മറ്റ് വഴികളിലൂടെ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഡ്രോണുകളും റോബോട്ടുകളും എത്തിച്ചിട്ടുണ്ട്. ഇന്ന് തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മാണം ബി.ആര്‍.ഒ വൈകാതെ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍.

തുരങ്കനിര്‍മാണം തുടങ്ങിയപ്പോള്‍തന്നെ സ്ഥാപിച്ച നാല് ഇഞ്ച് കുഴലിലൂടെയായിരുന്നു നേരത്തേ ഉണങ്ങിയ പഴങ്ങളും മരുന്നുകളും ലഭ്യമാക്കിയിരുന്നത്. കനത്ത വായുമര്‍ദത്തില്‍ പൈപ്പിലൂടെ മറുവശത്തേക്ക് തള്ളിയാണ് ഭക്ഷണം എത്തിക്കുന്നത്.

അതേസമയം, ഒമ്ബതു ദിവസമായി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ രാജ്യാന്തര വിദഗ്ധനെ എത്തിച്ചു. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ടണലിങ് ആൻഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷൻ തലവൻ പ്രഫ. ആര്‍ണോള്‍ഡ് ഡിക്സാണ് ശനിയാഴ്ച അപകട സ്ഥലത്തെത്തിയത്. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നവംബര്‍ 12ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സില്‍ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമുണ്ടാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പുകള്‍ വെക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന യു.എസ് നിര്‍മ്മിത ഓഗര്‍ മെഷീന്‍ തകരാറിലായതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.