കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് ‘പടയപ്പ’; തോട്ടം തൊഴിലാളികളുടെ പണി മുടങ്ങുന്നു
മൂന്നാര്‍: തൊഴിലാളികളുടെ കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് തോട്ടം തൊഴിലാളികളുടെ പണിമുടക്കി കാട്ടാനയായ പടയപ്പ. ദേവികുളം ഹാരിസണ്‍ എസ്റ്റേറ്റ് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിക്കിറങ്ങിയത് ഒന്നര മണിക്കൂര്‍ വൈകിയാണ്.ഇതുമൂലം പലര്‍ക്കും പണി നഷ്ടപ്പെടുകയും ചെയ്തു.
പുലര്‍ച്ചെ പണിക്ക് പോകാൻ തൊഴിലാളികള്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു ലയങ്ങളുടെ മുറ്റത്തുകൂടി പടയപ്പയുടെ വരവ്. ഇതോടെ പണിക്കിറങ്ങിയവര്‍ തിരിച്ച് വീടുകളില്‍ അഭയം തേടി. ഫാക്ടറി ഡിവിഷനിലെ തൊഴിലാളിയായ സബീയന്റെ അരയേക്കറിലെ കാരറ്റ് കൃഷി തിന്നു തീര്‍ത്ത കൊമ്ബൻ സമീപത്തെ പല കൃഷിയിടങ്ങളിലുമെത്തി നാശം വരുത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലാളികളുടെ ഉറക്കം കെടുത്തി ഇതേ ഡിവിഷനില്‍ത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് പടയപ്പ. രാത്രിയാവുന്നതോടെ ദേശീയപാതയില്‍ ടോള്‍ പ്ലാസക്ക് സമീപം എത്തി കാടുകയറുന്ന കൊമ്ബൻ രാവിലെ വീണ്ടും ജനവാസ മേഖലയില്‍ എത്തുന്നു. വീടുകള്‍ക്ക് സമീപം കാട്ടാന നിൽകുമ്പോൾ കുട്ടികളെ വീട്ടിലിരുത്തി തങ്ങള്‍ക്കെങ്ങനെ ജോലിക്ക് പോകാൻ കഴിയുമെന്നാണ് തൊഴിലാളികളുടെ ചോദ്യം.
വൈകിയെത്തിയാല്‍ അന്നത്തെ പണി നഷ്ടപ്പെടുന്നതായും ഇവര്‍ പറയുന്നു. പടയപ്പയെക്കൊണ്ട് പൊറുതി മുട്ടിയ തൊഴിലാളികള്‍ ഇന്നലെ ഇവിടെയെത്തിയ വനപാലകരോട് ആനയെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യമുന്നയിച്ചു. ഈ ഡിവിഷനിലെ റേഷൻകടയാണ് അടുത്തയിടെ പടയപ്പ രണ്ടു തവണ മേല്‍ക്കൂര തകര്‍ത്ത് അരിയെടുത്ത് അകത്താക്കിയത്.