പ്രകാശ് രാജിന് ഇ.ഡി സമൻസ്
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ്.
ചെന്നൈ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.നേരത്തെ കേസുമായി ബന്ധപ്പെട്ട് ട്രിച്ചിയിലെ പ്രണവ് ജ്വല്ലറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നവംബര്‍ 20ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു റെയ്ഡ്.
പ്രണവ് ജ്വല്ലറി നടത്തിയ നിക്ഷേപ തട്ടിപ്പില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രകാശ് രാജിന് സമൻസ് നല്‍കിയതെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. 58കാരനായ പ്രകാശ് രാജാണ് പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡര്‍. നേരത്തെ പ്രണവ് ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 23.70 ലക്ഷം രൂപയും 11.60 കിലോ ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
ട്രിച്ചിയിലെ ഇക്കണോമിക് ഒഫൻസ് വിങ്ങാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇ.ഡി കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്വര്‍ണ നിക്ഷേപ പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്ന് 100 കോടി രൂപയാണ് ജ്വല്ലറി പിരിച്ചെടുത്തത്. മികച്ച റിട്ടേണ്‍ വാഗ്ദാനം ചെയ്തായിരുന്നു പണം സ്വരൂപിച്ചത്. എന്നാല്‍, ഇതില്‍ പരാജയപ്പെട്ടതോടെയാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്.