പുരപ്പുറത്ത് സൗരോര്‍ജ പ്ലാന്റ് റെഡി; മീറ്റര്‍ എവിടെ?
പാലക്കാട്: ലക്ഷങ്ങള്‍ മുടക്കി പുരപ്പുറ സോളാറിനായി പ്ലാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനാകാതെ ഉപഭോക്താക്കള്‍.
പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ കെ.എസ്.ഇ.ബി വിതരണം ചെയ്യാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഉപഭോക്താക്കള്‍ കാത്തിരിപ്പിലാണ്. പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ മാതൃകാപദ്ധതിയായ ‘സൗര ‘യിലാണ് മെല്ലെപ്പോക്ക്. ടെൻഡര്‍ വിളിച്ച് സംഭരിക്കുന്നതില്‍ അപ്രതീക്ഷിതമായുണ്ടായ കാലതാമസമാണ് ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ വിതരണം ചെയ്യുന്നത് വൈകിച്ചതെന്നും ഒരാഴ്ചക്കകം തന്നെ മുഴുവൻ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും കെ.എസ്.ഇ.ബി സൗര പദ്ധതി അധികൃതര്‍ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് രാജ്യത്തിന് മുഴുവൻ മാതൃകയായ പദ്ധതിയാണ് കെ.എസ്.ഇ.ബിയുടെ ‘സൗര’.
സബ്സിഡി കഴിച്ചുള്ള തുക മാത്രമേ ഉപഭോക്താക്കള്‍ വഹിക്കേണ്ടതുള്ളൂ. പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി വഴി ഉപഭോക്താക്കള്‍ തന്നെ തിരഞ്ഞെടുക്കുന്ന െഡവലപ്പര്‍മാര്‍ ആണ്. പദ്ധതി നിര്‍വഹണത്തിന് 37 കമ്ബനികളെ എംപാനല്‍ ചെയ്തിട്ടുണ്ട്.
കുറച്ചു മാസങ്ങള്‍ മുമ്പ് പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കെ.എസ്.ഇ.ബി പ്ലാന്റിനെ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് മാസമായി ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് കെ.എസ്.ഇ.ബി പ്ലാന്റുമായി ബന്ധിപ്പിച്ച് നല്‍കുന്നില്ല. ഇതുമൂലമുള്ള സൗരോര്‍ജ വൈദ്യുതി നഷ്ടത്തില്‍ ഉപഭോക്താക്കള്‍ ആശങ്കയിലായിരുന്നു.
പ്ലാന്റ് സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മീറ്ററുകള്‍ എത്തിക്കുന്നതില്‍ കെ.എസ്.ഇ.ബി അധികൃതര്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധത്തിലായിരുന്നു ഉപഭോക്താക്കള്‍. ടെൻഡര്‍ വിളിച്ച് സംഭരിക്കുന്നതില്‍ വീഴ്ച വന്നെങ്കിലും ആവശ്യത്തിന് മീറ്ററുകള്‍ കെ.എസ്.ഇ.ബി ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. മീറ്ററുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധന രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
‘സൗര’ സബ്സിഡി പദ്ധതി
സൗര സബ്സിഡി പദ്ധതി (250 മെഗാവാട്ട്) ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ്. പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങള്‍ക്ക് 40 ശതമാനവും നാല് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങള്‍ക്ക് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും തുടര്‍ന്ന് ഓരോ കിലോവാട്ടിനും 20 ശതമാനവും എന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. 10 കിലോവാട്ടിനു മുകളില്‍ സബ്സിഡിയില്ല.