തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി, തുരങ്കത്തിലെ ഡ്രില്ലിങ് ഉടൻ തുടങ്ങും; രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍
സില്‍ക്യാര: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി. ഇരുമ്പുപാളിയില്‍ തട്ടി ഡ്രില്ലിങ് യന്ത്രത്തിന്‍റെ ബ്ലേഡിന് ഉണ്ടായ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. കുഴലുകള്‍ തമ്മിലുള്ള വെല്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് 12 മണിയോടെ തുരക്കുന്നത് പുനരാരംഭിക്കും. ഇനി 10 മീറ്റര്‍ മാത്രമാണ് ഇരുമ്പുകുഴലുകള്‍ ഇടാനുള്ളത്. ഈ പ്രവൃത്തി മൂന്നു മണിയോടെ പൂര്‍ത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, തുരങ്കത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന തൊഴിലാളികളെ പരിശോധിക്കാനായി 15 ഡോക്ടര്‍മാര്‍ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ, എട്ട് കിടക്കകളുള്ള ആശുപത്രിയും സജ്ജമാണ്. ഇന്ന് രാവിലെ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ തുരങ്കത്തില്‍ എത്തിച്ചു. തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകളും ഹെലികോപ്ടറും സജ്ജമാണ്. അതിനിടെ, കേന്ദ്ര മന്ത്രി വി.കെ. സിങ് തുരങ്കം സന്ദര്‍ശിച്ചിട്ടുണ്ട്.
11 ദിവസം നീണ്ട രക്ഷാദൗത്യമാണ് അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. 80 സെന്റിമീറ്റര്‍ വ്യാസവും ആറു മീറ്റര്‍ നീളവുമുള്ള ഒമ്പത് ഇരുമ്പുകുഴലുകള്‍ അമേരിക്കൻ നിര്‍മിത ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ബുധനാഴ്ച വൈകീട്ട് കയറ്റിയിരുന്നു. പത്താമത്തെ കുഴല്‍ കൂടി കയറ്റി 60 മീറ്റര്‍ നീളത്തില്‍ കുഴല്‍പ്പാത എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി രാത്രി എട്ടു മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കായിരുന്നു പദ്ധതി.
ദുരന്തനിവാരണ സേനാംഗങ്ങള്‍ കുഴല്‍പ്പാതയിലൂടെ ഇഴഞ്ഞുനീങ്ങി തൊഴിലാളികളുടെ അടുത്തേക്ക് നീങ്ങാൻ കാത്തു നില്‍ക്കേ അവശിഷ്ടങ്ങളിലെ ഇരുമ്പുപാളിയിലുടക്കി അവസാന കുഴല്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന് ആ തടസ്സം ഇരുമ്പുകട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചത്.
തിങ്കളാഴ്ച 57 മീറ്റര്‍ വരെ കടത്തിയ ആറ് ഇഞ്ച് വ്യാസമുള്ള ഇരുമ്ബുകുഴലുകളിലൂടെയാണ് ഭക്ഷണം എത്തിക്കുന്നത്. ചൊവ്വാഴ്ച എൻഡോസ്കോപ്പി കാമറ കടത്തി തൊഴിലാളികളുടെ രണ്ടു മിനിറ്റ് മൂന്നു സെക്കൻഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വെള്ളിയാഴ്ച ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇരുമ്പുപാളിയില്‍ തട്ടിയതിനാലാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിയത്.