കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു

അഞ്ചല്‍: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍.

ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്ബേറ്റിമല, മീനണ്ണൂര്‍ മുതലായ സ്ഥലങ്ങളിലെ ഏലാകളിലും കരയിലുമായി കൃഷി ചെയ്തിട്ടുള്ള വാഴ, മരച്ചീനി, പാവല്‍, പയര്‍ ഉള്‍പ്പെടെയുള്ള മിക്ക കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരിക്കുകയാണ്. വായ്പയെടുത്തും പണയപ്പെടുത്തിയുമാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.

പാട്ടക്കൃഷി നടത്തുന്നവരും നിരവധിയുണ്ട്. എല്ലാ കൃഷികളും കുത്തിമറിച്ചിട്ട നിലയിലാണ്. കാട്ടുപന്നികള്‍ കൂട്ടമായെത്തുന്നതിനാല്‍ നാട്ടുകാരും ചകിതരാണ്. പലയിടത്തും കര്‍ഷകര്‍ ഒത്തുകൂടി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും നഷ്ടപരിഹാരത്തിന് അധികൃതരോട് ആവശ്യപ്പെടുന്നതിനും അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നഷ്ടം സഹിച്ച്‌ കൃഷി തുടരാൻ ആകില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.