പി. വത്സലയുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: ചൊവ്വാഴ്ച അന്തരിച്ച മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സലയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക.

ഇന്ന് രാവിലെ മുതല്‍ 12വരെ വെള്ളിമാട്കുന്നിലെ ‘അരുണ്‍’ വീട്ടിലും 12 മുതല്‍ മൂന്നുവരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും.

വയനാട്ടിലെ ആദിവാസികളടക്കം അറിയപ്പെടാത്തവരുടെ ജീവിതങ്ങള്‍ അക്ഷരങ്ങളില്‍ പകര്‍ത്തിയ എഴുത്തുകാരിയുടെ വേര്‍പാട് ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

വത്സലയുടെ നോവല്‍ ‘നെല്ല്’ ഏറെ ശ്രദ്ധനേടിയിരുന്നു. എഴുത്തച്ഛൻ പുരസ്കാരം,കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിെൻറ ലോകത്ത് ശ്രദ്ധേയയായത്.

‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1975)ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം (2017), 2021 ല്‍ എഴുത്തച്ഛൻ പുരസ്കാരം, കുങ്കുമം അവാര്‍‍ഡ്, സി.എച്ച്‌. മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിെൻറ അക്ഷരം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.