ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് ‘പുനീത് രാജ്കുമാര്‍ പവലിയനില്‍’ തുടക്കമാകും.
തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു ഒക്കൂട്ടയുടെ ആഭിമുഖ്യത്തില്‍ ‘ബംഗളൂരു കമ്ബള, നമ്മ കമ്ബള’ എന്ന പേരില്‍ എട്ടു കോടി രൂപ ചെലവിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ ഞായറാഴ്ച വൈകീട്ട് നാലുവരെയാണ് മത്സരം.
ആവേശം അലയാകുന്ന കമ്ബളവേദിയില്‍ പോത്തുകളുടെ മത്സരപ്പാച്ചില്‍ വീക്ഷിക്കാൻ രണ്ടു ലക്ഷത്തിലേറെ പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങളുടെ ശ്രമഫലമായി ഒരുക്കിയ പ്രത്യേക ട്രാക്കില്‍ കമ്ബള സംഘങ്ങള്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി മേഖലയില്‍നിന്നായി നൂറുകണക്കിന് വാഹനങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാനുള്ള 175 ജോടി പോത്തുകളെ എത്തിച്ചുകഴിഞ്ഞു.
വൻ സമ്മാനത്തുകയാണ് ജേതാക്കള്‍ക്കായി കാത്തിരിക്കുന്നത്. ഒന്നാമതെത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയും 16 ഗ്രാം സ്വര്‍ണവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് അര ലക്ഷം രൂപയും എട്ടു ഗ്രാം സ്വര്‍ണവും ലഭിക്കും. മൂന്നാം സമ്മാനമായി കാല്‍ ലക്ഷം രൂപയും നാല് ഗ്രാം സ്വര്‍ണവും നല്‍കും. കമ്ബള മത്സരത്തോടനുബന്ധിച്ച് തനത് ഭക്ഷണവിഭവങ്ങളും നാടൻ ഉല്‍പന്നങ്ങളുമായി 150 ഓളം സ്റ്റാളുകളും പ്രവര്‍ത്തിക്കും.
ലക്ഷക്കണക്കിന് പേര്‍ എത്തുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പാലസ് മൈതാനത്തിന് അനുബന്ധ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കും. ജയമഹല്‍ റോഡ്, പാലസ് റോഡ്, ബെള്ളാരി റോഡ്, മേക്രി സര്‍ക്കിള്‍ തുടങ്ങിയവ വഴിയുള്ള യാത്രക്കാര്‍ മുൻകരുതല്‍ സ്വീകരിക്കുന്നത് നല്ലതാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയും ഗതാഗതക്കുരുക്ക് ബാധിച്ചേക്കും.