ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മുൻകരുതലുകളെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ആശുപത്രികളില്‍ കിടക്ക, മരുന്നുകള്‍, വാക്സിനുകള്‍, ഓക്സിജൻ, ആന്റിബയോട്ടിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് 19 മുന്‍കരുതലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും സര്‍ക്കാരുകള്‍ പാലിക്കേണ്ടത്. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂനിറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്.
ചൈനയില്‍ കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്.അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങള്‍ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിരുന്നു. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്.