ഇടതടവില്ലാതെ പിഴ ചുമത്തല്‍

കുറ്റ്യാടി: ടൗണില്‍ മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം.

ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവ വിഡിയോയില്‍ പകര്‍ത്തി പിഴയിടുന്നതായി ആരോപിച്ച്‌ ആളുകള്‍ വാഹനം വളഞ്ഞിട്ടു.

കടയില്‍നിന്ന് സാധനം വാങ്ങാൻ മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും പിഴ വീഴുന്നു. തങ്ങളെയങ്ങ് കൊന്നുകള എന്നുപോലും പിഴ വീണവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നാല്‍, ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും പൊലീസും പാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് നിര്‍ത്തുന്ന വാഹനങ്ങള്‍ക്കാണ് പിഴയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.