രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി കുനോ നാഷണല്‍ പാര്‍ക്കില്‍

ഭോപാല്‍: രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെ.എൻ.പി). ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍നിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം ശര്‍മ്മ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്ബാണ് കുനോയില്‍ ചീറ്റയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കുനോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ രന്തംബോര്‍ കടുവാ സങ്കേതത്തില്‍ നിന്നാണ് മൂന്ന് വയസ്സ് പ്രായമുള്ള ചീറ്റ ഇവിടേക്ക് എത്തിയത്. നിലവില്‍ ഏഴ് ആണ്‍, ഏഴ് പെണ്‍ ചീറ്റകളും ഒരു കുട്ടിയുമാണ് ഇവിടെയുള്ളത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17ന് നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്ന് വിട്ടതോടെയാണ് ‘പ്രോജക്‌ട് ചീറ്റ പദ്ധതി’ ആരംഭിച്ചത്. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് കൊണ്ടുവന്നത്. എന്നാല്‍ മാര്‍ച്ച്‌ മുതല്‍ പ്രായപൂര്‍ത്തിയായ ആറ് ചീറ്റകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. 300 കോടി രൂപയുടെ ചെലവാണ് ഇതിന് പ്രതീഷിക്കുന്നത്. ചീറ്റകളെ വീണ്ടും ഇന്ത്യയില്‍ സജീവമാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്.

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്‌. ഇറാനില്‍ നിലവില്‍ 200 എണ്ണത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ആയിരത്തിന് അടുത്തും. ഇവിടെയെല്ലാം ചീറ്റകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പുല്‍മേടുകളും ചെറു കുന്നിൻ പ്രദേശങ്ങളും കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകള്‍ പകലാണ്‌ ഇര തേടാനിറങ്ങുന്നത്‌. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങള്‍ വരെ ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മറികടക്കലാണ് കുനോ നാഷനല്‍ പാര്‍ക്ക് നേരിടുന്ന പ്രധാന വെല്ലുവിളി.