‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം ‘മെഡക്സ് 23’ കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത് കണക്കിലെടുത്ത് പ്രദര്‍ശനം വീണ്ടും നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. നേരത്തേ ഈമാസം മൂന്നിന് ആരംഭിച്ച മെഡക്സ് ശനിയാഴ്ച അവസാനിക്കുമെന്നായിരുന്നു സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് ഈമാസം 30വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന സംഘാടകരുടെ യോഗം ഇത് ഡിസംബര്‍ നാലുവരെ നീട്ടാൻ തീരുമാനിച്ചു.
കുട്ടികളുടെ തിരക്കും പൊതുജനങ്ങളുടെ അഭ്യര്‍ഥനമാനിച്ചുമാണ് ഡിസംബര്‍ നാലുവരെ പ്രദര്‍ശനം നീട്ടിയതെന്ന് കോളജ് പ്രിൻസിപ്പല്‍ ഡോ.എസ്. ശങ്കര്‍ പറഞ്ഞു.
മനുഷ്യശരീരവും അതിന്റെ ഉള്ളറകളും അടക്കം വൈദ്യശാസ്ത്രത്തിന്റെ വിവിധമേഖലകള്‍ പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം. പ്രഗല്ഭ ഡോക്ടര്‍മാര്‍ നയിക്കുന്ന രോഗപ്രതിരോധ നിര്‍ദേങ്ങളും മാര്‍ഗങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.ജീവിതശൈലീരോഗങ്ങള്‍, വിവിധതരം അര്‍ബുദം, സ്ട്രോക്ക്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ എങ്ങനെ പ്രാഥമിക ചികിത്സ നല്‍കാം എന്നിവ ചിത്രസഹിതം വിശദീകരിക്കുന്നുണ്ട്.
എൻജിനും എ.സിയും ഓണ്‍ചെയ്തശേഷം കാറിനുള്ളില്‍ ഇരുന്നാലുണ്ടാകുന്ന ദോഷങ്ങള്‍ വിവരിക്കുന്ന സ്റ്റാളും ഇവിടെയുണ്ട്. ഈ സ്റ്റാളില്‍ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കാര്‍ ഓണായി കിടക്കുമ്ബോള്‍ ഓക്സിജന്റെ അഭാവത്തില്‍ ഇന്ധനത്തിന്റെ അപൂര്‍ണമായ ജ്വലനം കാരണം കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെടുന്നു. പുകക്കുഴലുകളിലുണ്ടാകുന്ന വിടവുകളിലൂടെ ഇത് വാഹനത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കും.
കാര്‍ബണ്‍മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്സീ ഹീമോഗ്ലോബിൻ എന്ന പദാര്‍ഥം ഉണ്ടാകുന്നു. ഇത് ശ്വാസകോശത്തില്‍നിന്ന് ഓക്സിജൻ പേശികളിലേക്ക് എത്തുന്നത് തടയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുമെന്നത് ചിത്രം സഹിതം ഇവിടെ സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്നു. പ്രദര്‍ശനം കാണാൻ സ്കൂള്‍ കുട്ടികള്‍ക്ക് 80ഉം കോളജ് വിദ്യാര്‍ഥികള്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 130 രൂപയുമാണ് ഫീസ്.