99.87 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍

കൊച്ചി: ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി വരുത്തിയ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലയിലെ നാല് നഗരസഭകളുടെയും 16 ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി തുക കൃത്യമായി വിനിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍ദേശിച്ചു.

മാലിന്യമുക്ത നവകേരളം – ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 27 പ്രോജക്ടുകളാണ് അംഗീകാരം ലഭിച്ച പദ്ധതികളിലുള്ളത്. 99.87 ലക്ഷം രൂപയാണ് ഈ പ്രോജക്ടുകള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.

ജില്ലാ ആസൂത്രണ സമിതിയുടെ സംയുക്ത പദ്ധതികളായ ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം കാരുണ്യ സ്പര്‍ശം, വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി പരിശീലനം നല്‍കുന്ന നൈപുണ്യ നഗരം, ഭിന്നശേഷി സ്‌കോളര്‍ഷിപ്, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള വിജയഭേരി സ്‌കോളര്‍ഷിപ് എന്നീ പദ്ധതികളുടെ നിര്‍വഹണവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ മനോജ് മുത്തേടന്‍, എ.എസ് അനില്‍ കുമാര്‍, ജമാല്‍ മണക്കാടന്‍, ദീപു കുഞ്ഞുകുട്ടി, ഷൈമി വര്‍ഗീസ്, മേഴ്സി ടീച്ചര്‍, റീത്ത പോള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.