രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ഈ വര്‍ഷം 28ാമത്തേത്
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ 20കാരനായ ബംഗാള്‍ സ്വദേശി ആത്മഹത്യ ചെയ്തു. ഫരീദ് ഹുസൈൻ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയില്‍ ഈ വര്‍ഷം 28ാമത്തെ ആത്മഹത്യയാണിത്.
കോട്ടയിലെ വഖഫ് നഗര്‍ മേഖലയില്‍ താമസിച്ചുകൊണ്ടായിരുന്നു ഫരീദ് ഹുസൈൻ മെഡിക്കല്‍ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരുന്നത്. ഇന്നലെ വൈകീട്ടോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഫരീദിന്‍റെ ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് പുറപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.
നൂറുകണക്കിന് മത്സരപരീക്ഷ പരിശീലന കേന്ദ്രമുള്ള കോട്ടയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെത്തുന്നുണ്ട്. ഈ വര്‍ഷം 28ാമത്തെ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്യുന്നത്. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയുയര്‍ത്തുന്നതാണ് ഈ കണക്ക്.
കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തെ സീലിങ് ഫാനുകളില്‍ ആത്മഹത്യ തടയുന്ന ഉപകരണം സ്ഥാപിക്കാൻ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രണ്ട് മാസത്തേക്ക് പരിശീലന പരീക്ഷകള്‍ നടത്തരുതെന്ന് സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി ആത്മഹത്യകള്‍ വര്‍ധിച്ചതോടെ കുട്ടികളുടെ ദിനചര്യയില്‍ മാനസികോല്ലാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താനും പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിങ് കേന്ദ്രങ്ങള്‍ക്ക് നേരത്തെ ഉന്നതതല കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. വിദഗ്ധരും സാമൂഹിക ക്ഷേമ സംഘടനകളുടെയും ആത്മീയ യോഗ കൂട്ടായ്മകളുടെയും പ്രതിനിധികളുമായി സംസ്ഥാനതല കമ്മിറ്റി നടത്തിയ യോഗത്തിന് ശേഷമായിരുന്നു ഈ നിര്‍ദേശം. നഗരത്തിലെ എല്ലാ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും അധികൃതര്‍ ആരോഗ്യ സര്‍വേ നടത്തുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ പ്രവണതകളുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി കൗണ്‍സലിങ്ങിന് അയക്കുന്നുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)