തട്ടിക്കൊണ്ടുപോകല്‍: മൂന്നുപേര്‍ കസ്റ്റഡിയില്‍; ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു
ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകാര്യം സ്വദേശിയായ യുവാവാണ് ആദ്യം പിടിയിലായത്. ഇയാളെ വീട്ടില്‍നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാര്‍ വാഷിങ് സെന്റര്‍ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഡോ പൊലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
കാര്‍വാഷിങ് സെന്ററില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തു. 500 രൂപയുടെ 100 എണ്ണം വീതമുള്ള 19 കെട്ടുകളാണ് കണ്ടെത്തിയത്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസുമായി നേരിട്ട് ബന്ധമുള്ള ആളെയാണ് ശ്രീകാര്യത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിങ് സെന്റര്‍ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് കേസുമായി ഏതുതരത്തിലാണ് ബന്ധമെന്ന് വ്യക്തമല്ല. കാര്‍ വാഷിങ് സെന്ററില്‍ പൊലീസ് റെയ്ഡ് നടത്തുകയാണ്.
ഓയൂര്‍ അമ്ബലംകുന്ന് സിദ്ധാര്‍ഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ – സിജി ദമ്ബതികളുടെ മകളുമായ അബിഗേല്‍ സാറാ മറിയ (മിയ – ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരനായ സഹോദരൻ യോനാഥൻ രക്ഷപ്പെട്ടു.
മിയ സഹോദരൻ യോനാഥനൊപ്പം സ്കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച് കാറില്‍ കയറ്റി.
കാറിന്‍റെ വാതില്‍ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി.
വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് ആദ്യം വിളി വന്നു. അപരിചിത നമ്ബറില്‍നിന്ന് വിളിച്ചവര്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിളിവന്ന ഫോണ്‍ നമ്ബര്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ഒരു കടയുടമയുടേതാണെന്ന് കണ്ടെത്തി. കടയുടമ നല്‍കിയ വിവരം അനുസരിച്ചാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കിയത്. പിന്നീട് മറ്റൊരുഫോണില്‍നിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ തിരികെ ഏല്‍പിക്കാമെന്നും പറഞ്ഞ് കോള്‍ കട്ടാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ നഴ്സ് ദമ്ബതികളാണ്.