നീതുവിന്റെ ആത്മഹത്യ ഭര്തൃപീഡനത്തെത്തുടര്ന്നെന്ന് ബന്ധുക്കള്‍
കോന്നി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി.
ളാക്കൂര്‍ വഞ്ചിപ്പാറ വീട്ടില്‍ നീതു എസ്. രാജിനെയാണ് (30) ഭര്‍ത്താവ് തൃശൂര്‍ ഒല്ലൂര്‍ കല്ലൂര്‍കാട് വീട്ടില്‍ ജിമ്മി ജോര്‍ജിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ജിമ്മി.
ആറ് വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. മരിക്കുന്നതിന് മുമ്പുമുള്ള ദിവസം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നുവെന്ന് കാണിച്ചു വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ശബ്ദസന്ദേശങ്ങളും വിഡിയോ ക്ലിപ്പുകളും അയച്ചിരുന്നു. ഭര്‍ത്താവ് ഉപദ്രവിച്ചതിന്റെ മുറിവുകള്‍ ഉള്‍പ്പെടെ അടങ്ങുന്നതായിരുന്നു ദൃശ്യങ്ങള്‍.
മുമ്പും പലതവണ ഉപദ്രവിച്ചിരുന്നതായും പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജിമ്മി ജോര്‍ജിനെ ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തിയത്.