അബിഗേലിനെ തിരഞ്ഞ് നാട്; സംസ്ഥാന വ്യാപക പരിശോധന

കൊല്ലം: ഒായൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ഇന്നലെ കാറില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനായി സംസ്ഥാന വ്യാപക പരിശോധന.

ഇന്നലെ വൈകീട്ട് തുടങ്ങിയ വാഹന പരിശോധന ഉള്‍പ്പെടെ തുടരുകയാണ്. കൊല്ലത്തും സമീപജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും പഴുതടച്ച വാഹന പരിശോധനയാണ് പൊലീസ് നടത്തുന്നത്.

ഡിവൈ.എസ്‌.പി വിജയകുമാറിന്‍റെ നേതൃത്വത്തില്‍ അബിഗേലിന്‍റെ രക്ഷിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കണ്‍ട്രോള്‍ റൂം നമ്ബരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ്‌ പൊലീസിന്‍റെ നിര്‍ദേശം.

ഇന്ന് രാവിലെയോടെ പണം റെഡിയാക്കി നല്‍കാനായിരുന്നു ഇന്നലെ ഫോണില്‍ വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. രണ്ടാമത് വിളിച്ചപ്പോള്‍ 10 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതിന് തയാറാണെന്ന് കുടുംബം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് രാവിലെ 10 മണിയായിട്ടും തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് ഫോണ്‍ കാള്‍ ലഭിച്ചിട്ടില്ല.

പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. രേഖചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

ഓയൂര്‍ അമ്ബലംകുന്ന് സിദ്ധാര്‍ഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ – സിജി ദമ്ബതികളുടെ മകള്‍ അബിഗേല്‍ സാറാ മറിയ (മിയ – ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.

അബിഗേല്‍ സഹോദരൻ യോനാഥനൊപ്പം സ്കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച്‌ കാറില്‍ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്.

കാറിന്‍റെ വാതില്‍ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി.

വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. അപരിചിത നമ്ബറില്‍നിന്ന് വിളിച്ചവര്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിളിവന്ന ഫോണ്‍ നമ്ബര്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് കടയുടമയുടേതാണെന്ന് കണ്ടെത്തിയത്. പിന്നീട് മറ്റൊരുഫോണില്‍നിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ തിരികെ ഏല്‍പിക്കാമെന്നും പറഞ്ഞത്.