സ്വന്തമായി കെട്ടിടമില്ലാതെ സബ് രജിസ്ട്രാര്‍ ഓഫിസ്

പുല്‍പള്ളി: രജിസ്ട്രേഷൻ വകുപ്പിന് കീഴിലെ പുല്‍പള്ളി സബ് രജിസ്ട്രാര്‍ ഓഫിസിന് സ്വന്തമായി കെട്ടിടം ഇന്നും സ്വപ്നങ്ങളില്‍ മാത്രം.സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ലക്ഷങ്ങളുടെ വരുമാനം സര്‍ക്കാറിന് ഉണ്ടാക്കിക്കൊടുക്കുന്ന ഈ രജിസ്ട്രാര്‍ ഓഫിസ്.

നാല് പതിറ്റാണ്ട് മുമ്ബാണ് പുല്‍പള്ളിയില്‍ രജിസ്ട്രാര്‍ ഓഫിസ് ആരംഭിച്ചത്. ബത്തേരി താലൂക്കിലെ ആറു വില്ലേജുകളിലെ ആയിരക്കണക്കിന് രജിസ്ട്രേഷൻ നടക്കുന്ന ഓഫിസാണിത്. ടൗണിലെ വാടകക്കൊട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസിലെ രേഖകള്‍ വെക്കാൻ പോലും സൗകര്യമില്ല.

ജീവനക്കാര്‍ക്ക് നിന്നുതിരിയാനും ഇടമില്ല. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇരിപ്പിട സൗകര്യങ്ങളും കുറവാണ്. അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് പുല്‍പള്ളി പഞ്ചായത്ത് സെക്രട്ടറി നാല് വര്‍ഷം മുമ്ബ് നല്‍കിയ അപേക്ഷയില്‍ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. 2004ലാണ് രജിസ്ട്രേഷൻ വകുപ്പ് പഞ്ചായത്തിന് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കാൻ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാൻ അധികൃതര്‍ തയാറാണ്. എന്നാല്‍, ഇതിനുള്ള അനുമതി ഉന്നത അധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.പുല്‍പള്ളി വില്ലേജ് ഓഫിസിന് സമീപം 10 സെന്റ് സ്ഥലം വിട്ടുനല്‍കാൻ ചീഫ് സെക്രട്ടറിക്ക് മുമ്ബാകെ നല്‍കിയ ഫയലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.