ഈ ചിത്രങ്ങള്‍ പ്രകൃതി നല്‍കിയ സമ്മാനം

കോഴിക്കോട്: കാഴ്ചയുടെ സൂക്ഷ്മതയിലേക്കുള്ള അസാധാരണ യാത്രയുടെ സാക്ഷ്യങ്ങളാണ് രഞ്ജിത്ത് മാധവന്റെ ഫോട്ടോകള്‍. അവ്യക്തമായ നിഴലുകളുടെ ഇരുണ്ട നിറങ്ങളില്‍പോലും കലയുടെ രസം കണ്ടെത്താനുള്ള ശ്രമം.

‘ക്ഷണികങ്ങള്‍’ എന്ന് പേരിട്ട ഫോട്ടോഗ്രഫി സീരീസ് ഒരുക്കിയിരിക്കുന്നത് വെള്ളത്തിലെ മനുഷ്യരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ്.

കേരളത്തിലെ പെരിയാര്‍ മുതല്‍ ലഡാക്കിലെ സിന്ധു നദി വരെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍നിന്നുള്ള 20 നദികളില്‍നിന്നുള്ള ഫോട്ടോകള്‍. ഒരു നിമിഷാര്‍ധ നേരം മാത്രം തെളിഞ്ഞുമാഞ്ഞുപോകുന്ന നിഴല്‍രൂപങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളെ ഇനിയാര്‍ക്കും പുനഃസൃഷ്ടിക്കാൻ കഴിയുകയുമില്ല. മൂന്ന് ഘട്ടങ്ങളായി ആറുമാസത്തോളം രാജ്യത്തുടനീളം യാത്ര ചെയ്താണ് ഓരോ ചിത്രങ്ങളും രഞ്ജിത്ത് എടുത്തത്.

വെള്ളത്തിന് മുകളില്‍ തണലുകള്‍ വീഴ്ത്തുന്ന സൂര്യനെയും തിരമാലകളുണ്ടാക്കി നിഴലുകളെ ചലിപ്പിക്കുന്ന കാറ്റിനെയും വളരെ ആവേശത്തോടെയാണ് താൻ സ്വാഗതം ചെയ്തിരുന്നതെന്ന് പറയുന്നു രഞ്ജിത്. നദീതീരങ്ങളില്‍ ചിത്രങ്ങള്‍ക്കായി അലയുമ്ബോള്‍ ഓരോന്നും കാഴ്ചയുടെ കാൻവാസില്‍ മോഹിപ്പിക്കുന്ന പെയിന്റിങ്ങുകളായി മാറി. വെള്ളത്തിനെ കാൻവാസാക്കി പ്രകൃതിചിത്രം വരക്കുകയായിരുന്നു. പ്രകൃതിയുടെ മാസ്മരികമായ ചിത്രകല പിന്തുടരുന്നതാണ് രഞ്ജിത്തിന്‍റെ നദീയാത്രകള്‍.

ആകെയുള്ള 31 ഫോട്ടോകളില്‍ 17 ഫോട്ടോകളാണ് ലളിതകല അക്കാദമി ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 31 ചിത്രങ്ങളും ഉള്‍പ്പെടുത്തി കോഫി ടേബിള്‍ എന്ന പേരില്‍ ഒരു പുസ്തകവും രഞ്ജിത്ത് മാധവൻ തയാറാക്കുന്നുണ്ട്. ചിത്രകാരൻ പാരിസ് മോഹൻകുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രദര്‍ശനം ഡിസംബര്‍ ആറിന് അവസാനിക്കും.