അബിഗേലിന്‍റെ ആരോഗ്യനില തൃപ്തികരം; വരവേല്‍ക്കാൻ നാട് കാത്തിരിക്കുന്നു
കൊല്ലം: തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ട ഓയൂരിലെ ആറുവയസ്സുകാരി അബിഗേല്‍ ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും.
നിലവില്‍ ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നടന്ന സംഭവത്തിന്‍റെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല. ആരോഗ്യനില വിലയിരുത്തിയ ശേഷമാകും ബന്ധുക്കള്‍ക്കൊപ്പം വിടുക. അതേസമയം, അബിഗേലിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
അബിഗേലിന്‍റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലെത്തിയിരുന്നു. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ ആരെയും വ്യക്തിപരമായി സംശയമില്ലെന്നാണ് അച്ഛൻ റെജി പറയുന്നത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേലിനെ (ആറ്) തട്ടിക്കൊണ്ടുപോയത്. സ്കൂളില്‍ നിന്നെത്തിയ ശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ ട്യൂഷന് പോകുമ്ബോഴാണ് കാറിലെത്തിയവര്‍ അബിഗേലിനെ കാറിലേക്ക് വലിച്ചുകയറ്റിയത്.
കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാര്‍ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. പൊലീസ് നിരവധി വീടുകളും വാഹനങ്ങളുമടക്കം പരിശോധിച്ചു. ഇതിനിടെ, കൊല്ലം പാരിപ്പള്ളിയിലെ കടയില്‍ നിന്ന് കടയുടമയുടെ ഫോണ്‍ ഉപയോഗിച്ച് കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യമാവശ്യപ്പെട്ട് സംഘം ഫോണ്‍ വിളിച്ചു. കുട്ടിയെ വിട്ടയക്കാൻ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.
പാരിപ്പള്ളിയിലെത്തിയ പൊലീസ് അവിടെ എത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി രാത്രിയില്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച പുലര്‍ച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി പിന്നീട് ഇവരെ വിട്ടയച്ചു.
സമയം വൈകുംതോറും ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് കുട്ടിയെ കൊല്ലത്ത് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നലെ ഉച്ചയോടെ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. കുട്ടിയെ ശ്രദ്ധയില്‍പെട്ടവര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് 21 മണിക്കൂറോളം നീണ്ട ആശങ്കക്ക് വിരാമമായത്. അതേസമയം, തട്ടിക്കൊണ്ടുപോയവരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കാത്തത് പൊലീസിന് തിരിച്ചടിയായി.
പ്രതികളെ കണ്ടെത്താൻ സജീവമായ അന്വേഷണം തുടരുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നിരീക്ഷിക്കുന്നതായാണ് വിവരം. എഡിജിപി എം.ആര്‍. അജിത്കുമാര്‍ നേരിട്ടാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.