പരാതിപ്രളയത്തിനിടെ ഹൃദയഭേദക കാഴ്ചയായി ബിയ്യുമ്മ
പരപ്പനങ്ങാടി: കണ്ണീരുപ്പുള്ള അപേക്ഷയുമായി സക്കരിയയുടെ ഉമ്മ നവകേരള സദസ്സില്‍. രോഗശയ്യയില്‍ തളര്‍ന്ന് കിടന്ന് ആ ഉമ്മയുടെ അപേക്ഷ സമര്‍പ്പണം ഹൃദയ ഭേദക കാഴ്ചയായി.
ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ മാതാവ് ബിയ്യുമ്മയാണ് അവശനിലയിലെത്തി നിവേദനം നല്‍കിയത്. വിധിയും വിചാരണയുമില്ലാതെ തടവിലാക്കപ്പെട്ട മകനെ ഒരു നോക്ക് കാണാൻ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പറയാനാണ് ബിയ്യുമ്മ തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിലെത്തിയത്. സാക്ഷി വിസ്താരമെല്ലാം പൂര്‍ത്തിയാക്കി വിചാരണ കോടതി ഉടൻ വിധി പറയുമെന്ന് കരുതിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സക്കരിയ്യയുടെ വിചാരണ തടവ് അനന്തമായി നീളുകയാണ്. ബംഗളൂരു ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോര്‍ട്ട് നിര്‍മിച്ച കടയില്‍ നേരത്തെ സക്കരിയ്യ ജോലി ചെയ്തതാണ് കേസിലകപെടാനിടയാക്കിയത്. ഫ്രീ സകരിയ്യ ആക്ഷൻ ഫോറം നേതാക്കളായ അശറഫ് ശിഫ, സമീര്‍ കോണിയത്ത്, സക്കീര്‍ പരപ്പനങ്ങാടി, റബീഅത്ത് എന്നിവര്‍ അനുഗമിച്ചു.