മുളവൂർ കൂർക്കക്ക് പുതുജീവൻ
മൂവാറ്റുപുഴ: അന്യം നിന്നു പോയ മുളവൂര്‍ കൂര്‍ക്ക കൃഷി ചെയ്ത് നൂറുമേനി വിളവ് എടുത്ത് പ്രഭാകരൻ. ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന മുളവൂര്‍ കൂര്‍ക്കയെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുളവൂര്‍ തച്ചോടത്തുംപടി കുമ്ബകപ്പിള്ളി പ്രഭാകരൻ തന്‍റെ അര ഏക്കര്‍ സ്ഥലത്ത് കൂര്‍ക്ക കൃഷി ചെയ്തത്.പ്രഭാകരൻറെ പറമ്ബില്‍ കപ്പ, വാഴ, ചേന അടക്കം കൃഷി ചെയ്തിരുന്ന സ്ഥലത്താണ് മുളവൂര്‍ കൂര്‍ക്ക കൃഷി ചെയ്തത്.
സ്വന്തമായി വിത്ത് പാകി മുളപ്പിച്ച കൂര്‍ക്കത്തലയാണ് കൃഷിക്കായി ഉപയോഗിച്ചത്. സ്വന്തമായി പശു ഫാം ഉള്ള പ്രഭാകരൻ ചാണകമാണ് വളമായി ഉപയോഗിച്ചത്. ഇക്കുറി കൃഷിക്ക് നല്ല വിളവാണ് ലഭിച്ചത്. ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂര്‍ക്ക കപ്പയുടെ കടന്ന് വരവോടെ അപ്രത്യക്ഷമായി. ഒരുകാലത്ത് ടണ്‍ കണക്കിന് കൂര്‍ക്കയാണ് കര്‍ഷകരില്‍ നിന്നും മൊത്തവ്യാപാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരുന്നത്. ഇതോടെ മുളവൂര്‍ കൂര്‍ക്കയുടെ പേരും പെരുമയും വിവിധ ജില്ലകളിലേയ്ക്കും വ്യാപിച്ചിരുന്നു. കൂര്‍ക്ക കൃഷി ചെയ്തിരുന്ന സ്ഥലത്ത് വിളവെടുപ്പിന് ശേഷം നെല്‍കൃഷിയും ചെയ്യാമെന്നതാണ് കര്‍ഷകരെ കൂര്‍ക്ക കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം. എന്നാല്‍ നെല്‍കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിയതും ചെലവ് കുറവും വരുമാനം കൂടുതലും ലഭിക്കുന്ന കപ്പ കൃഷിയിലേക്ക് തിരിഞ്ഞതും കൂര്‍ക്ക കൃഷിക്ക് തിരിച്ചടിയായി. കേരളത്തിലെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം വേണ്ടതാനും. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും.