താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറന്നു
താനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് വീണ്ടും തുറന്നു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത് അനിശ്ചിതമായി നീണ്ടു പോയത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇടക്കാലത്ത് ചെറിയ വാഹനങ്ങള്‍ കടന്നുപോകാനായി കുറച്ചു ദിവസം തുറന്നിരുന്നെങ്കിലും വീണ്ടും അടച്ചിട്ടതോടെ വ്യാപാരികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. മേല്‍പ്പാലം പ്രവൃത്തി മന്ദഗതിയിലാകുക കൂടി ചെയ്തതോടെ സര്‍വകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരണവും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയു നല്‍കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകളുമായി നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരികളും സമരരംഗത്തുണ്ടായിരുന്നു.
മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി.അഷ്റഫാണ് അഡ്വ. പി.പി. റഹൂഫ് മുഖേന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ ബന്ധപ്പെട്ട കക്ഷികളോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഗേറ്റ് തുറക്കുന്നതിനും പാലം പ്രവൃത്തി വേഗത്തിലാക്കാനുമായി സജീവമായ ഇടപെടലുകള്‍ നടത്തിയ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ വി.അബ്ദുറഹ്മാൻ പലപ്പോഴായി റെയില്‍വേ ഉദ്യേഗസ്ഥരുടെയും പാലം നിര്‍മാണം ഏറ്റെടുത്തവരുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തെങ്കിലും ഗേറ്റ് തുറക്കല്‍ നീണ്ടു പോകുകയായിരുന്നു.
ഇതിനിടെ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സെപ്റ്റംബര്‍ 13ന് റെയില്‍വേക്ക് നല്‍കിയ കത്തിന് ഈ മാസം 14ന് നല്‍കിയ മറുപടിയില്‍ ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി താനൂര്‍-തെയ്യാല റെയില്‍വേ ഗേറ്റ് ഒരാഴ്ചക്കകം തുറന്നു കൊടുക്കുമെന്ന് അറിയിച്ചിരുന്നു. പ്രഖ്യാപിച്ച തീയതിയും കഴിഞ്ഞ് ഒരാഴ്ച കൂടി പിന്നിട്ട ശേഷമാണ് ഇപ്പോള്‍ ഗേറ്റ് തുറന്നത്.
താനൂരിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ച ഗേറ്റ് അടച്ചിടലിന് അവസാനമായതില്‍ വ്യാപാരി നേതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു.