നിരോധിത സാറ്റലൈറ്റ് ഫോണ്‍: ബേപ്പൂരിലെ ബോട്ടുടമയെ ചോദ്യം ചെയ്തു

ബേപ്പൂര്‍: നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് ബേപ്പൂര്‍ സ്വദേശിയായ ബോട്ടുടമയെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്തു.

ഇന്ത്യയില്‍ നിരോധിത വിഭാഗത്തില്‍പ്പെട്ട ‘തുറായ’ ഇറീഡിയം സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍. മൂന്ന് ദിവസത്തിനകം മംഗളൂരു കോസ്റ്റല്‍ പൊലീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തേ ഇയാള്‍ ഒമാനില്‍ ജോലിചെയ്തിരുന്നു. ഒമാൻ സ്വദേശിയായ സുഹൃത്ത് നല്‍കിയ ഫോണാണിത്. മൂന്ന് മീൻപിടിത്ത ബോട്ടുകള്‍ ഇയാളുടെ പേരിലുണ്ട്.

ഇവയുടെ മുഴുവൻ രേഖകളുമായി കോസ്റ്റല്‍ പൊലീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫോണ്‍ സംബന്ധിച്ച രേഖകളും ഹാജരാക്കണം. തുറായ നിര്‍മിത സാറ്റലൈറ്റ് ഫോണ്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചതാണ്. ചില വിദേശരാജ്യങ്ങളില്‍ തുറായ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ഇന്ത്യയില്‍ നിരോധനത്തില്‍ പെട്ടതാണ്. അറബിക്കടലില്‍ വെച്ച്‌ ഈ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായാണ് ഇന്റലിജൻസ് ബ്യൂറോയും കോസ്റ്റല്‍ പൊലീസും കണ്ടെത്തിയത്. ഇയാളുടെ ബോട്ടിലെ ജീവനക്കാരായ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ സ്രാങ്കിനെയും മറ്റൊരു സ്ത്രീയെയും ഈ ഫോണില്‍നിന്ന് വിളിച്ചതായി വ്യക്തമായിട്ടുണ്ട്.

സര്‍ക്കാറിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ആര്‍ക്കും സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാൻ പാടില്ല. ടെലഗ്രാഫ് ആക്‌ട് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിത്. രാജ്യ സുരക്ഷക്കെതിരായ പ്രവൃത്തി ചെയ്തുവെന്ന കുറ്റംചുമത്തിയും നിയമനടപടി സ്വീകരിക്കാം. തുറായ നിര്‍മിതമായ സാറ്റലൈറ്റ് ഫോണ്‍ മുംബൈ സ്ഫോടനത്തിന് ഭീകരര്‍ ഉപയോഗിച്ചിരുന്നു. ഇവിടെയെത്തുന്ന വിദേശികള്‍ നേരത്തേ സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍, നിലവിലെ ചട്ട പ്രകാരം മുൻകൂട്ടിയുള്ള അനുമതിയില്ലാതെ വിദേശികളും ഇന്ത്യയില്‍ ഇതുപയോഗിക്കാൻ പാടില്ല. നിയമലംഘകര്‍ക്കെതിരെ ഇന്ത്യൻ വയര്‍ലെസ് നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതുമാണ്.