കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന് കൈമാറി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി, സര്‍വകലാശാല വൈസ് ചാൻസലര്‍, രജിസ്ട്രാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്.

ഉള്ളടക്കം പുറത്തുവന്നിട്ടില്ല. മന്ത്രി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് വിശദാന്വേഷണം നടത്തിയത്. അപകടമുണ്ടായതിനുപിന്നാലെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം നേരത്തേ കൈമാറിയിരുന്നു.

ഇതിനിടെ വിശദാന്വേഷണത്തിനായി സിൻഡിക്കേറ്റ് നിയോഗിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളായ മൂന്നംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്നാണ് സൂചന. ടെക് ഫെസ്റ്റായ ധിഷണ 2023ന്റെ സംഘാടനത്തില്‍ വന്ന വീഴ്ചകളെപ്പറ്റി പഠിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനുമായാണ് സമിതിയെ നിയോഗിച്ചത്.

കെ.കെ. കൃഷ്ണകുമാര്‍ (കണ്‍.), ഡോ. ശശി ഗോപാലന്‍, ഡോ. വി.ജെ. ലാലി എന്നിവരാണ് സമിതിയിലുള്ളത്. അപകടത്തെക്കുറിച്ച കൂടുതല്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലര്‍ ഡോ. പി.ജി. ശങ്കരൻ പറഞ്ഞിരുന്നു. സംഭവത്തിനുപിന്നാലെ സിൻഡിക്കേറ്റ് യോഗ തീരുമാനപ്രകാരം എസ്.ഒ.ഇ പ്രിൻസിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.