ക്ലാസിലെ കളി കാര്യമായി; നാലു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്
മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തമാശപ്രകടനം അതിര് കടന്നപ്പോള്‍, നാല് വിദ്യാര്‍ഥിനികള്‍ പരിക്കേറ്റ് ആശുപത്രിയില്‍.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിച്ച ആണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ബാറ്റ് പിടിവിട്ട് പോയപ്പോള്‍ അത് വീണത് ക്ലാസിലിരുന്ന നാല് പെണ്‍കുട്ടികളുടെ ദേഹത്തേക്കായിരുന്നു.
തലക്കും നെറ്റിക്കും മുഖത്തുമൊക്കെ പരിക്കേറ്റ പെണ്‍കുട്ടികള്‍ പള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. കുട്ടികള്‍ വീട്ടിലെത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാഹി ഗവ. ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ബുധനാഴ്ച രാവിലെ വിദ്യാര്‍ഥിനികള്‍ ആശുപത്രി വിട്ടു.
കഴിഞ്ഞ ദിവസം ഇതേ സ്കൂളിലെ കുട്ടികള്‍ തമ്മില്‍ വഴക്കും അടിപിടിയും ഉണ്ടായി. മാഹി മേഖലയിലെ പല വിദ്യാലയങ്ങളിലും അധ്യാപകക്ഷാമം കാരണം ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതായും രക്ഷിതാക്കള്‍ പറയുന്നു. പുരുഷ അധ്യാപകര്‍ നാമമാത്രമായുമുള്ള വിദ്യാലയങ്ങളില്‍ വനിത അധ്യാപികമാര്‍ക്ക് വിദ്യാര്‍ഥികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. മാഹി ചീഫ് എജുക്കേഷനല്‍ ഓഫിസറും പി.ടി.എയും ഇടപെട്ട് ഈ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.