മുടിക്ക് കട്ടി കുറഞ്ഞുവരുന്നോ? കാരണമിതാകാം… പരിശോധിക്കൂ…

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നേരിടാം. മുടി കൊഴിച്ചില്‍ തന്നെ ഇതില്‍ ഏറ്റവും പ്രധാനം.

കൂട്ടത്തില്‍ ചിലര്‍ മുടിക്ക് കട്ടി കുറയുന്നതിലെ വിഷമവും പങ്കിടുന്നത് കാണാം. മുടിക്ക് കട്ടി കുറയുന്നുവെന്ന് പറയുമ്ബോള്‍ മുടി കൊഴിഞ്ഞ് മുടിയുടെ ഉള്ള് പോകുന്ന പ്രശ്നമല്ല- മറിച്ച്‌ മുടിനാരിഴകളുടെ കട്ടി കുറഞ്ഞുവരും. ഇത് പതിയെ മുടി പൊട്ടുന്നതിലേക്കും നയിക്കാം.

ഇത്തരത്തില്‍ മുടിക്ക് കനം കുറഞ്ഞുവരുന്നതിന് പിന്നില്‍ കാരണമായേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പല കാരണങ്ങളും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാം. എന്നാല്‍ ഇത് ഏറ്റവും സാധാരണമായി കാണുന്ന കാരണമെന്ന് തന്നെ പറയാം.

മറ്റൊന്നുമല്ല, മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകളുടെ കുറവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വൈറ്റമിൻ-എ, വൈറ്റമിൻ, ഡി, വൈറ്റമിൻ-എ, ചില ബി വൈറ്റമിനുകള്‍ എന്നിവയുടെ കുറവ് മുടിയുടെ കട്ടി കുറയ്ക്കുന്നതിലേക്കും അതുപോലെ തന്നെ മുടി പൊട്ടിപ്പോകുന്നതിലേക്കും മുടി കൊഴിച്ചിലിലേക്കുമെല്ലാം നയിക്കാം. ഈ വൈറ്റമിനുകള്‍ ഉറപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തെയും വലിയൊരു പരിധി വരെ നമുക്ക് ഉറപ്പിക്കാം.

വൈറ്റമിൻ-എ…

വൈറ്റമിൻ എ, ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. ഇത് നടന്നില്ലെങ്കില്‍ മുടി വളര്‍ച്ചയും പ്രശ്നത്തിലാകും.മുടിയുടെ കനം കുറയുന്നതിനും വൈറ്റമിൻ -എയുടെ കുറവ് കാരണമാകും. അതേസമയം വൈറ്റമിൻ- എ അളവിലധികമാകുന്നതും നല്ലതല്ല.

വൈറ്റമിൻ-ഡി…

മുടിയുടെ ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ട മറ്റൊരു ഘടകമാണ് വൈറ്റമിൻ-ഡി. ഇതും ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെയാണ് സ്വാധീനിക്കുന്നത്. അതിനാല്‍ മുടി വളര്‍ച്ച- മുടിയുടെ ബലം എന്നിവയാണ് ബാധിക്കപ്പെടുന്നത്. പ്രധാനമായും സൂര്യപ്രകാശത്തിലൂടെയാണ് നമുക്ക് വൈറ്റമിൻ ഡി ലഭിക്കുന്നത്. അതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്‍റിലൂടെയും ലഭിക്കും. ഏറ്റവും നല്ലത് സൂര്യപ്രകാശത്തില്‍ നിന്ന് തന്നെ വൈറ്റമിൻ ഡി ലഭ്യമാക്കുന്നതാണ്.

വൈറ്റമിൻ-ഇ…

തലയോട്ടിയുടെ ആരോഗ്യത്തെയാണ് വൈറ്റമിൻ -ഇ ഏറെയും സ്വാധീനിക്കുന്നത്. അതിനാല്‍ തന്നെ വൈറ്റമിൻ ഇ കുറയുന്നതും മുടിയുടെ ആരോഗ്യത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഭംഗിയുള്ള- കട്ടിയുള്ള മുടി വളര്‍ച്ചയ്ക്ക് വൈറ്റമിൻ- ഇയും ഉറപ്പാക്കണം.

വൈറ്റമിൻ -ബി…

മുടി വളര്‍ച്ചയുടെ കാര്യത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ‘കെരാട്ടിൻ’ എന്ന പ്രോട്ടീനുറപ്പിക്കുന്നതിനാണ് ബി വൈറ്റമിൻ ഏറെയും സഹായിക്കുന്നത്. ഇതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായിക്കുക. വൈറ്റമിൻ ബി6, വൈറ്റമിൻ ബി12 എന്നിവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇതും മുടി വളര്‍ച്ചയുടെ കാര്യത്തില്‍ പ്രധാനമാണ്.

വൈറ്റമിനുകളുടെ കുറവ് പൊതുവില്‍ കാണുന്ന പ്രശ്നമാണ്. എന്നാല്‍ ഇത് പരിഹരിക്കാൻ സ്വതന്ത്രമായി വൈറ്റമിൻ ഗുളികകള്‍ വാങ്ങിക്കഴിക്കരുത്. കാരണം അളവിലധികം വൈറ്റമിനുകള്‍ എത്തുന്നത് ഗുണത്തിന് പകരം ദോഷമുണ്ടാക്കും. അതിനാല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നത് പ്രകാരം മാത്രം വൈറ്റമിൻ സപ്ലിമെന്‍റുകളെടുക്കുക.