കണ്ണൂരില്‍ 70 അധ്യാപക നിയമനങ്ങളും കുരുക്കിലേക്ക്

കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനര്‍നിയമനം നേടിയ കാലയളവില്‍ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്.

വി.സിയായുള്ള പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം. നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് പറഞ്ഞു. വി.സിയായി പുനര്‍നിയമനം നേടിയശേഷം കണ്ണൂര്‍ സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലായി അസി. പ്രഫസര്‍ മുതല്‍ പ്രഫസര്‍ വരെയായി 70 നിയമനങ്ങളാണ് നടന്നത്.

ഇതില്‍ പല നിയമനങ്ങള്‍ക്കുമെതിരെ ക്രമക്കേട് ആരോപണം അതത് വേളയില്‍തന്നെ ഉയര്‍ന്നുവന്നിരുന്നു. ചിലത് കോടതിയുടെ പരിഗണനയിലുമാണ്. രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നീ സ്റ്റാറ്റ്യൂട്ടറി തസ്തികകളിലെ നിയമനം നടന്നതും വി.സിയുടെ പുനര്‍നിയമന സമയത്തുതന്നെയാണ്. സ്ഥാനമൊഴിഞ്ഞ വി.സിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിലവിലെ രജിസ്ട്രാര്‍ ഡോ. ജോബി കെ. ജോസിന് നേരത്തേ പ്രഫസറായി സ്ഥാനക്കയറ്റം നല്‍കിയതെന്ന ആരോപണവും ശക്തമാണ്.

സ്ഥാനക്കയറ്റത്തിന് മതിയായ യോഗ്യതകള്‍ ഇല്ലെന്നാണ് എ.പി.ഐ സ്കോര്‍ സമിതി ആദ്യം വി.സിക്ക് നല്‍കിയ റിപ്പോര്‍ട്ട്. വി.സിയുടെ നിര്‍ദേശപ്രകാരം സമിതി വീണ്ടും യോഗം ചേര്‍ന്നെങ്കിലും പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചു. ഇരു റിപ്പോര്‍ട്ടും അനുകൂലമല്ലെന്ന് കണ്ടതോടെ മുൻ വി.സി സിൻഡിക്കേറ്റ് സമിതിക്ക് രൂപം നല്‍കി. സമിതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച മറ്റൊരു സമിതിയാണ് പ്രഫസര്‍ സ്ഥാനക്കയറ്റത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത്.

യു.ജി.സി ചട്ടത്തിനു വിരുദ്ധമാണ് സ്ഥാനക്കയറ്റമെന്ന് സയൻസ് ഡീൻ നല്‍കിയ വിയോജനക്കുറിപ്പും പുറത്തായതോടെ സ്ഥാനക്കയറ്റത്തില്‍ വി.സിയുടെ അമിതാവേശം പ്രകടമായി. അടുത്തിടെ നടന്ന ഫിസിക്സ് അസി. പ്രഫസര്‍ നിയമനത്തിലും ക്രമക്കേട് ആരോപണമുണ്ട്. മുസ്‍ലിം സംവരണ ഒഴിവില്‍ നടത്തിയ റാങ്ക്‍ലിസ്റ്റിലാണ് ക്രമക്കേട്. മെറിറ്റ് വിഭാഗം റാങ്ക്‍ലിസ്റ്റില്‍ മുൻനിരയിലെത്തിയ മുസ്‍ലിം ഉദ്യോഗാര്‍ഥികള്‍ സംവരണ പട്ടികയില്‍ പിന്നാക്കം പോയതാണ് വിവാദമായത്. ഇതുസംബന്ധിച്ച പരാതിയും ചാൻസലര്‍ക്കു മുന്നിലുണ്ട്.