ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇതിനൊപ്പം അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നും പറയുന്നു.
തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച കലൈസെല്‍വി, കാഞ്ചീപുരം, ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ഇതിനുപുറമെ, പുതുച്ചേരി, കാരയ്ക്കല്‍ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും. ഈ മേഖലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.