സ്ത്രീയെ കാറിടിച്ച്‌ പരിക്കേല്‍പിച്ചശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ പിടിയില്‍

ബാലുശ്ശേരി: സംസ്ഥാന പാതയില്‍ ഗോകുലം കോളജിനു മുന്നില്‍ വെച്ച്‌ റോഡ് മുറിച്ചുകടന്ന സ്ത്രീയെ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ പരിക്കേല്‍പിച്ചശേഷം കടന്നുകളഞ്ഞ കാര്‍ ഡ്രൈവറെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ഇടിച്ച കാറും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് ഇര്‍ഫാനെയാണ് (26) കസ്റ്റഡിയിലെടുത്തത്. കൂമ്പാറ സ്വദേശി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

കഴിഞ്ഞ 25ന് ഉച്ചയോടെയാണ് സംഭവം. അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് തൃക്കുറ്റിശ്ശേരി സത്യഭാമക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അപകടം നടന്നയുടനെ ഇയാള്‍ കടന്നുകളയുകയായിരുന്നു. എസ്.ഐ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അസി. സബ് ഇൻസ്പെക്ടര്‍ മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവരടങ്ങിയ സംഘം ബാലുശ്ശേരി അങ്ങാടി മുതല്‍ ഉള്ള്യേരി വരെയുള്ള ഇരുപതോളം സി.സി കാമറകള്‍ പരിശോധിച്ച ശേഷമാണ് കാറും ഡ്രൈവറെയും കണ്ടെത്തിയത്.