കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട് വളഞ്ഞ് പിടികൂടി എക്സൈസ്

കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്.

പയ്യന്നൂരില്‍ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് നിഖില അറസ്റ്റിലായത്.

വീട് വളഞ്ഞാണ് എക്സൈസുകാര്‍ നിഖിലയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന 1.6 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആവശ്യക്കാര്‍ക്ക് ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖില ചെയ്തിരുന്നത്. ഇവരുടെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഫോണില്‍നിന്ന് ഇവരുടെ സംഘാംഗങ്ങളെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബുള്ളറ്റില്‍ നിരവധി യാത്രകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് നിഖില. നാട്ടില്‍ ‘ബുള്ളറ്റ് ലേഡി’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. യാത്രകള്‍ക്കിടയില്‍ ഇവര്‍ കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി ഇവരെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍ സജീവ്, അഷ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍ വിനീത്, പി സൂരജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രതിക എ.വി, (പയ്യന്നൂര്‍ റെയിഞ്ച്), ഡ്രൈവര്‍ അജിത്ത് എന്നിവരാണ് നിഖിലയെ പിടികൂടിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.