വയത്തൂര്‍ വില്ലേജില്‍ കടുവ ഇറങ്ങിയതായി അഭ്യൂഹം

ഇരിട്ടി: വയത്തൂര്‍ വില്ലേജില്‍ കടുവ ഇറങ്ങിയതായുള്ള അഭ്യൂഹം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.പയ്യാവൂര്‍ സ്വദേശിയായ സഹജന്റെ കൈവശത്തിലുള്ള വയത്തൂര്‍ ദേശത്തുള്ള മൂന്ന് ഏക്കര്‍ കാടുപിടിച്ചുകിടന്ന കശുമാവില്‍ തോട്ടത്തിലാണ് കടുവയിറങ്ങിയതായി അഭ്യൂഹം പരന്നത്.

ഇവിടെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച്‌ കാട് വെട്ടിത്തെളിക്കുകയായിരുന്ന സജി, ചന്ദ്രൻ, ഗംഗാധരൻ തുടങ്ങിയവരാണ് കാട്ട് പൊന്തക്കുള്ളില്‍ ശനിയാഴ്ച രാവിലെ 11.45 ഓടെ കടുവയെ കണ്ടതായി പറയുന്നത്.

കണ്ടത് കടുവ തന്നെയെന്ന് മൂന്നുപേരും പറയുന്നു. കടുവയെ കണ്ട ഉടനെ മൂവരും പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നു. തുടര്‍ന്ന് ഗംഗാധരൻ ഉളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. 12 മണിയോടെ പൊലീസും 12.30 ഓടെ പഞ്ചായത്ത് പ്രസിഡന്റും, ജീവനക്കാരും ഒരു മണിക്ക് ശേഷം ഫോറസ്റ്റ്കാരും സ്ഥലത്ത് എത്തിച്ചേര്‍ന്നു. പരിശോധനക്കായി വയത്തൂര്‍ വില്ലേജില്‍നിന്നും അനിഷ്, ശ്രീലേഷ് എന്നിവരും പങ്കെടുത്തു. കടുവ കിടന്നു എന്ന് പറയപ്പെടുന്ന ഭാഗത്ത് തിരിച്ചറിയുന്നതിനുള്ള ശേഷിപ്പുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.