റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ചിങ്ങവനം: റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച ഇതര സംസ്ഥാന സ്വദേശിയെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാള്‍ സ്വദേശി സലാമിനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ചാമക്കുളം റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയുമാണ് ഇയാള്‍ ആക്രമിച്ചത്. ട്രെയിൻ വരുന്ന സമയത്ത് റെയില്‍വേ ക്രോസിലൂടെ നടക്കുന്നതിനെ ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും ട്രെയിൻ വരുന്ന സമയമായതിനാല്‍ റെയില്‍വേ ഗേറ്റ് അടക്കാൻ പോകുകയാണെന്ന് പറഞ്ഞതിലുമുള്ള വിരോധത്തില്‍ യുവതിയെ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്‌.ഒ വി.എസ്. അനില്‍കുമാര്‍, എസ്.ഐ വിപിൻചന്ദ്രൻ, സി.പി.ഒമാരായ പ്രകാശ്, പ്രിൻസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സലാമിനെ കോടതിയില്‍ ഹാജരാക്കി.