ആദിവാസികളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഭരണാധികാരികള്‍ -ഗ്രോ വാസു
നിലമ്പൂര്‍: ഏഴുമാസത്തോളമായി നിലമ്പൂര്‍ പട്ടികവര്‍ഗ ഓഫിസിന് മുന്നില്‍ ആദിവാസി കൂട്ടായ്മ നടത്തിവരുന്ന ഭൂസമരത്തിന് ഐക‍്യദാര്‍ഢ‍്യവുമായി മനുഷ‍്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മോയിൻ ബാപ്പു, കുഞ്ഞിക്കോയ എന്നിവര്‍ ഉപവാസ സമരം തുടങ്ങി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ആദിവാസി കൂട്ടായ്മയുടെ സമരപ്പന്തലില്‍ സമരനായിക ബിന്ദു വൈലാശ്ശേരിയോടൊപ്പം മൂവരും സമരം ആരംഭിച്ചത്. 24 മണിക്കൂര്‍ ഉപവാസ സമരമാണ് പ്രഖ‍്യാപിച്ചിട്ടുള്ളത്.
ആദിവാസികളുടെ ഇന്നത്തെ അവസ്ഥക്ക് കുറ്റപ്പെടുത്തേണ്ടത് നമ്മുടെ ഭരണാധികാരികളെ ആണെന്ന് ഗ്രോ വാസു പറഞ്ഞു. ആദിവാസി ഭൂസമര കൂട്ടായ്മ ഭാരവാഹികളും സംബന്ധിച്ചു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ ഭൂമിയും വിതരണം ചെയ്യുക, സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ 209 ദിവസങ്ങളായി ആദിവാസി കൂട്ടായ്മ ഐ.ടി.ഡി.പി ഓഫിസിന് മുന്നില്‍ സമരം തുടരുകയാണ്. പി.വി. അൻവര്‍ എം.എല്‍.എയുടെ ആദിവാസിവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സമരനായിക ബിന്ദു വൈലാശ്ശേരി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉപവാസത്തിലുമാണ്.