വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദിത്യ; സൂര്യന്‍റെ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്തി
ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ ശാസ്ത്രലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1. സൂര്യന്‍റെ പൂര്‍ണ വൃത്താകൃതിയിലുള്ള അള്‍ട്രാവയലറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയതാണ് ആദിത്യ എല്‍1ല്‍ നിന്നുള്ള പുതിയ വാര്‍ത്ത.
പേടകത്തിലെ ശാസ്ത്രീയ ഉപകരണമായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
സ്യൂട്ട് പകര്‍ത്തിയതില്‍ 200 എൻ.എം. മുതല്‍ 400 എൻ.എം വരെ തരംഗ ദൈര്‍ഘ്യമുള്ള സൂര്യന്‍റെ ആദ്യത്തെ പൂര്‍ണ വൃത്താകൃതിയിലുള്ള ചിത്രവും ഉള്‍പ്പെടും. സൂര്യന്‍റെ ഫോട്ടോസ്ഫിയറിന്‍റെയും ക്രോമോസ്ഫിയറിന്‍റെയും വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രമാണിതെന്ന് ഐ.എസ്.ആര്‍.ഒ എക്സില്‍ കുറിച്ചു. സൂര്യന്‍റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള ശാസ്ത്രീയ ഉപകരണമാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT). ആദിത്യ എല്‍1ല്‍ ഏഴ് ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്.
നവംബര്‍ രണ്ടിന് സൗരക്കാറ്റിന്‍റെ പ്രോട്ടോണ്‍, ആല്‍ഫ കണികകള്‍ അളക്കാൻ രൂപകല്‍പന ചെയ്‌ത ലോ എനര്‍ജി സ്പെക്‌ട്രോമീറ്ററായ സോളാര്‍ വിൻഡ് അയോണ്‍ സ്പെക്‌ട്രോമീറ്റര്‍ (SWIS) എന്ന ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാര്‍ വിൻഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമാണ് സോളാര്‍ വിൻഡ് അയണ്‍ സ്പെക്‌ട്രോമീറ്റര്‍ (SWIS).
360 ഡിഗ്രിയില്‍ നിരീക്ഷിക്കാൻ സാധിക്കുന്ന സ്വിസിലെ രണ്ട് സെൻസറുകളാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രോട്ടോണ്‍, ആല്‍ഫ കണികകളിലെ ഊര്‍ജ വ്യതിയാനങ്ങള്‍ സ്വിസ് ഉപകരണം കണ്ടെത്തിയതായി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു.
സൂര്യ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യം.
സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങള്‍ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങള്‍, 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എല്‍1 ലക്ഷ്യം കണ്ടാല്‍ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.