‘ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം’; സലാറില്‍ ‘വരദ’യായി കസറാൻ കച്ചകെട്ടി പൃഥ്വിരാജ്

തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് ‘സലാര്‍’. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തു എന്നത് മലയാളികള്‍ക്കും ആഘോഷമാണ്.

വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ദേവ എന്ന വേഷത്തിലാണ് പ്രഭാസും എത്തുന്നത്. സലാര്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

സലാറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വിവിധ ഭാഷകളില്‍ താൻ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളില്‍ ഒരു സിനിമയില്‍ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഡിസംബര്‍ 22നാണ് സലാര്‍ റിലീസ്.

“അങ്ങനെ സലാര്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. കാലങ്ങളായി ഞാൻ വര്‍ക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങള്‍ സ്വന്തം ശബ്ദം നല്‍കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബര്‍ 22ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും”, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

അതേസമയം, സലാറിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ദൈര്‍ഘ്യം. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് ഒടിടി സ്ട്രീമിംഗ് അവകാശം എന്നാണ് വിവരം.