നാഷണൽ ഹൈവേ വികസനം: ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ നിഷേധിക്കരുത് -ഇ. ടി. 

ദേശീയ പാത 66 നിർമാണം ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം നിഷേധിച്ചുകൊണ്ടും തടസ്സപ്പെടുത്തിയുമാകരുതെന്ന് മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി

മുഹമ്മദ് ബഷീർ എംപി.

പാർലമെന്റിൽ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു എം. പി

പൊന്നാനി പാർലമെന്റ് മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ലെ വികസന പ്രവർത്തനങ്ങളെ തുടർന്ന് പ്രദേശവാസികളായ ജനങ്ങൾക്കുണ്ടായിട്ടുള്ള യാത്രാദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ഹൈവേ വികസനം നടക്കുന്ന പല പ്രദേശങ്ങളിലും കിലോമീറ്ററുകളോളം യാത്ര ചെയ്താൽ മാത്രമേ മറുവശത്തേക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നത് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതു പോലെ സർക്കാർ സ്ഥാപനങ്ങളിലേക്കും, സ്കൂളുകൾ, മദ്രസകൾ, ആശുപത്രികൾ എന്നിവടങ്ങളിലേക്ക് എത്തിച്ചേരുന്നതിനും, ആരാധനാലയങ്ങളിലേക്ക് പോകുന്നതിനും, ഖബർസ്ഥാനുകളിലേക്ക് മയ്യിത്തുകൾ കൊണ്ടു പോകുന്നതിനും വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്.

ഇക്കാര്യം നിരവധി തവണ നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും കാര്യമായ പരിഹാര നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം തടസപ്പെടുത്തുകയാണ് അധികൃതർ ചെയ്യുന്നത്.

നിശ്ചിത കിലോമീറ്റർ കണക്ക് പറഞ്ഞ് അടിപ്പാതകളോ ഫ്ലൈ ഓവറുകളോ നിർമ്മിക്കുന്നതിന് തടസവാദം ഉന്നയിക്കുകയാണ് അധികൃതർ ചെയ്യുന്നത്.

പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ പുതുപൊന്നാനി, രണ്ടത്താണി, കോഴിച്ചെന, കുറ്റിപ്പുറം, കുറ്റിപ്പുറം മുതൽ അയങ്കലം, പാലപ്പെട്ടി, വെളിയങ്കോട്, വെട്ടിച്ചിറ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ അടിപ്പാതകളോ ഓവർ പാസ്സോ നിർമിച്ചു ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കൂടാതെ ഡ്രെയിനേജുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് തുറക്കുന്നതു മൂലം നിരവധി പ്രദേശങ്ങളിൽ വീടുകളിലേക്ക്‌ വെള്ളം കയറുന്നതിനാൽ ജനങ്ങൾ പ്രയാസത്തിലാണ്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം വിഷയങ്ങളിലും

പരിഹാരം കാരണണമെന്നും ഇ. ടി പാർലമെന്റിൽ ആവശ്യപ്പെട്ടു.