സിവിലിയന്മാരെ കൂട്ടമായി തടവിലാക്കുന്നു; എല്ലാ സീമകളും ലംഘിച്ച്‌ ഇസ്രായേല്‍ ക്രൂരത

ഗസ്സ സിറ്റി: ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍നിന്ന് നിരവധി പേരെ കൊണ്ടുപോയതിനു പിന്നാലെ മറ്റിടങ്ങളിലും ഇത് ആവര്‍ത്തിക്കുന്നതിന്റെ വിഡിയോകള്‍ പുറത്തുവരുകയാണ്. ജബലിയയിലെ യു.എൻ സ്കൂളില്‍നിന്നാണ് 100ലേറെ പേരെ പിടിച്ചുകൊണ്ടുപോയത്. ഇസ്രായേല്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെതും ചേര്‍ന്നാണ് ഹീനമായ ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വടക്കൻ ഗസ്സയില്‍ ബെയ്ത് ലാഹിയയിലും സമാനമായി നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കി കുനിച്ചുനിര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തെത്തിയിരുന്നു. കൂട്ടമായി ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി കൊടുംക്രൂരതകള്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇസ്രായേല്‍ ഏറ്റവും കടുത്ത പോരാട്ടം തുടരുന്ന ജബലിയയില്‍ കഴിഞ്ഞ ദിവസം കമാല്‍ അദ്‍വാൻ ആശുപത്രി ഒഴിപ്പിച്ചിരുന്നു. വൈദ്യുതിയും ജലവും പൂര്‍ണമായി ഇസ്രായേല്‍ വിലക്കിയതോടെയായിരുന്നു ഒഴിപ്പിക്കല്‍.

കടുത്ത ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് കുഞ്ഞുങ്ങളെയടക്കം രക്ഷപ്പെടുത്തുന്നതിനിടെയാണ് മഹാക്രൂരത. അതിനിടെ, ഗസ്സയില്‍ പകുതി പേരും കൊടുംപട്ടിണിയിലാണെന്ന് യു.എൻ വ്യക്തമാക്കിയിരുന്നു. 10ല്‍ ഒമ്ബതു പേരും ദിവസം ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്തവരാണെന്നും യു.എൻ ലോക ഭക്ഷ്യ പരിപാടി ഉപമേധാവി കാള്‍ സ്കോ പറഞ്ഞു. പരിമിതമായ ഭക്ഷ്യ ട്രക്കുകള്‍ മാത്രമാണ് നിലവില്‍ റഫ അതിര്‍ത്തി കടന്ന് ഇവിടെയെത്തുന്നത്. കരീം ഷലോം അതിര്‍ത്തി വഴിയും ട്രക്കുകള്‍ വിടണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇസ്രായേല്‍ കടുത്ത നിഷേധ നിലപാട് തുടരുകയാണ്.

ദക്ഷിണ ഗസ്സയില്‍ ഖാൻ യൂനുസ് പട്ടണത്തിലും ആക്രമണം കനത്തതോടെ ലക്ഷങ്ങള്‍ തെരുവില്‍ കഴിയുന്ന അവസ്ഥയാണ്. താല്‍ക്കാലിക തമ്ബുകള്‍ ഒരുക്കിയാണ് ഇവിടെ ഫലസ്തീനികള്‍ കഴിയുന്നത്.

രണ്ടുമാസം പിന്നിട്ട ആക്രമണങ്ങളില്‍ ഗസ്സയില്‍ മാത്രം 17700 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 7729 പേര്‍ കുട്ടികളാണ്. 48,780 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7780 പേര്‍ കാണാതായവരില്‍ മഹാഭൂരിപക്ഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായവരാണെന്നാണ് കണക്ക്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 273 പേര്‍ കൊല്ലപ്പെടുകയും 3365 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.