മൂന്നാറിലെത്തുന്ന സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസം; പള്ളിവാസലില്‍ ഷീ ലോഡ്ജ് വരുന്നു
മൂന്നാറിലെത്തുന്ന സഞ്ചാരികളായ സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ പഞ്ചായത്തില്‍ ഷീ ലോഡ്ജ് നിര്‍മാണം പുരോഗമിക്കുന്നു.
പഞ്ചായത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്.
ഒരുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് ആണ് പള്ളിവാസിലില്‍ ഉയരുന്നത്. 12 മുറികളും ഭക്ഷണശാലയും കോണ്‍ഫറൻസ് ഹാളും ഉള്‍പ്പെടെ മൂന്ന് നിലകളിലായാണ് ഷീ ലോഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
രണ്ടാംമൈല്‍ വ്യൂ പോയിന്റിന്റെ സൗന്ദര്യം ആസ്വദിക്കത്തക്ക വിധത്തിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ഷീ ലോഡ്ജ് സൗകര്യമൊരുങ്ങുന്നതോടെ മിതമായി നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കി മൂന്നാറില്‍ എത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാൻ ആകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍ പറഞ്ഞു. ടൂറിസം സാധ്യതകള്‍ മുതലാക്കി വികസനത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ത്തതാണ് പള്ളിവാസല്‍ മുന്നോട്ടുപോകുന്നത്.