നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി.

ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി.

വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍ പ്രജീഷ് എന്ന കര്‍ഷകനെയാണ് കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്നത്. നരഭോജി കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വെച്ചോ പിടികൂടാനായില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലാനായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച്‌ ആനിമല്‍ ആൻഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റിയാണ് ഹരജി നല്‍കിയത്.

ഒരു മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ വില കുറച്ചുകാണാനാകുമെന്ന് ചോദിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരമൊരു വിഷയത്തില്‍ ഹരജി നല്‍കിയതെന്നും ചോദിച്ചു. തുടര്‍ന്നാണ് പിഴ ചുമത്തിയത്. ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

അതേസമയം, കഴിഞ്ഞ ദിവസം കര്‍ഷകനെ കൊന്നുതിന്ന കടുവയെ മൂന്നു ദിവസമായുള്ള തിരച്ചിലിനിടെ ചൊവ്വാഴ്ച രാവിലെ കാണാനായെങ്കിലും പിടികൂടാനായില്ല. രാവിലെ വനമേഖലയോട് ചേര്‍ന്നുള്ള മാരമല കോളനിയിലെ വീട്ടമ്മയാണ് പുല്ല് ചെത്താനിറങ്ങിയപ്പോള്‍ കടുവയെ കണ്ടത്. ഇത് തിരച്ചില്‍ സംഘത്തിനും നാടിനും പ്രതീക്ഷ നല്‍കി. ഇതോടെ ദൗത്യസംഘം കടുവക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.