നല്ല ദഹനം വേണോ? എന്നാല്‍ കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടല്‍. ആരോഗ്യകരമായ കുടല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ശരീരത്തിന്റെ രണ്ടാമത്തെ മസ്തിഷ്കമാണ് ആമാശയം എന്നാണ് പറയുന്നത്. കുടലിനും അത്രത്തോളം പ്രാധാന്യമാണുള്ളത്. ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുന്നതിനും കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതും മാലിന്യങ്ങള്‍ നീക്കുന്നതും കുടലിന്റെ പ്രവര്‍ത്തനമാണ്.
ദഹന വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന കുടലിനെ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. അനാരോഗ്യമായ കുടല്‍ മറ്റ് ശരീരഭാഗങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1) പ്രോബയോട്ടിക് ഭക്ഷണക്രമം
പ്രേബയോട്ടിക് ആഹാരം ശീലമാക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ പരിപോഷിപ്പിക്കാൻ പ്രോബയോട്ടിക് ആഹാരത്തിന് കഴിയും. തൈര്, അച്ചാര്‍,പഴങ്കഞ്ഞി, പുളിപ്പിച്ച ആഹാരം എന്നിവ കഴിക്കുന്നത് നല്ലതാണ്.
2) സമീകൃതാഹാരം ശീലമാക്കുക
നാരുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ക്രമമായ മലവിസര്‍ജനത്തിനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്കും ദഹന ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കും.
3) ജലാംശം നിലനിര്‍ത്തുക
ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു . ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു.
4) സംസ്കരിച്ച ഭക്ഷണം പരിമിതപ്പെടുത്തുക
കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അഡിറ്റീവുകള്‍, നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ അടങ്ങിയിട്ടുള്ള സംസ്കരിച്ച ഭക്ഷണം ശീലമാക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും ദഹന വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
5) ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
അളവിനൊപ്പം തന്നെ വാരി വലിച്ച് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അളവില്‍ ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുക. സാവധാനം ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
6) സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക
സമ്മര്‍ദ്ദം ദഹനത്തെ ബാധിക്കുമെന്നതാണ് വാസ്തവം. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള വഴികള്‍ ശീലിക്കുന്നത് നല്ല ദഹന വ്യവസ്ഥയ്‌ക്ക് സഹായിക്കും. പതിവായി വ്യായമം ചെയ്യുന്നത് നല്ലതാണ്.
7) ഉറക്കം
ഉറക്കക്കുറവ് കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക.
8) പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക
കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പഞ്ചസാര ഇല്ലതാക്കുന്നു. ഇത് ശരീരത്തില്‍ വീക്കത്തിന് കാരണമാകുന്നു. കൃത്രിമ മധുരം ശീലമാക്കുന്നതും കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. കുടലിലെ ബാക്ടീരിയയുടെ ഘടനയില്‍ മാറ്റം വരുത്തി മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
9) മദ്യവും പുകവലിയും ഒഴിവാക്കുക
അമിത മദ്യപാനം കുടലിന്റെ പാളിക്ക് കേടുപാടുകള്‍ വരുത്താൻ കാരണമാകുന്നു. പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും കരള്‍ രോഗം, ദഹനനാളത്തിന്റെ വീക്കം തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുകയും ചെയ്യും. പുകവലിക്കുന്നത് ആസിഡ് റിഫ്ലക്സിന്റെ സാധ്യത സൃഷ്ടിക്കുന്നു.