ഒപ്പം 2 കുട്ടികള്‍, ബിഹാറി ദമ്പത്തികൾ പോലീസ് സ്റ്റേഷനിൽ പരുങ്ങി, പോലീസിന് സംശയം, ഒടുവില്‍ കുട്ടികള്‍ മാതാപിതാക്കള്‍ക്കരികില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ ബിഹാറി ദമ്പതികള്‍ അറസ്റ്റില്‍. ആറുവയസുള്ള പെണ്‍കുട്ടിയെയും എട്ട് മാസം പ്രായമുള്ള അവളുടെ സഹോദരനെയുമാണ് ബെംഗളൂരുവില്‍ നിന്ന് ബിഹാറി തമ്പതികൾ തട്ടിക്കൊണ്ടുപോയത്.

ഇവരെ പിന്നീട് രക്ഷപ്പെടുത്തി അവരുടെ മാതാപിതാക്കളെ തിരിച്ചേല്‍പ്പിച്ചു. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുട്ടികളുമായി നിന്ന് പരുങ്ങുകയായിരുന്നു ദമ്പത്തികളായ പ്രമീളാ ദേവിയും ഭര്‍ത്താവ് ബലറാമും. സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ദമ്ബതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച കൊടിഗെഹള്ളിയില്‍ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം, അവരുമായി ബീഹാറിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാനുള്ള പദ്ധതിയിലായിരുന്നു ദമ്ബതികള്‍. തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. റോഡില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് സഹോദരങ്ങളുടെ അടുത്തേക്ക് ഒരു സ്ത്രീ ചെല്ലുന്നു. ഇത്തിരി നേരം സ്ത്രീയുമായി ഇടപഴകിയ പെണ്‍കുട്ടിയും പിഞ്ചുകുഞ്ഞും പിന്നീട് അവള്‍ക്കൊപ്പം പോകുന്നതാണ് ദൃശ്യങ്ങളില്‍.

കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ പലയിടത്തും തേടിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത പ്രദേശങ്ങളിലൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്.

അതേസമയം, തട്ടിക്കൊണ്ടുപോയി വിലപേശലോ അപായപ്പെടുത്തലോ ആയിരുന്നില്ല ദമ്ബതികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാലാണ് കുട്ടികളെ തട്ടിയെടുത്ത് ബീഹാറിലെ സ്വദേശത്തേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നുമാണ് ചോദ്യം ചെയ്യലില്‍ ദമ്ബതികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലൂടെ വ്യക്തത ആവശ്യമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.