താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയില്‍ ഡി.പി.ടി വാക്സിൻ നല്‍കിയത്.
ആദ്യ രണ്ടുദിവസം കഴിഞ്ഞിട്ടും വേദന ശമിച്ചില്ല. കുത്തിവെച്ച ഭാഗത്ത് പിന്നീടുള്ള ദിവസങ്ങളില്‍ ചുവപ്പുനിറവും കല്ലിപ്പും കണ്ടുതുടങ്ങി. ശിശുരോഗ വിദഗ്ധനെ സമീപിച്ചപ്പോഴാണ് കുത്തിവെപ്പ് എടുത്ത ഭാഗത്ത് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചത്. പിന്നീട് വീണ്ടും താലൂക്കാശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ ഡോക്ടറെ കാണിച്ചുവെങ്കിലും മരുന്നുകള്‍ കുറിച്ചുനല്‍കി മടക്കുകയായിരുന്നു. കൂടുതല്‍ വിശദ പരിശോധനക്കോ ചികിത്സക്കോ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പ്രശ്നം സംബന്ധിച്ച് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസറെ മാതാവ് കണ്ടെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. ഉടുമ്ബുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നാണ് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, ആഴ്ചതോറും നൂറുകണക്കിന് കുഞ്ഞുങ്ങള്‍ താലൂക്കാശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പിന് താലൂക്കാശുപത്രിയിലെ സൗകര്യം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമാണ് വിശദീകരണം.
അടുത്തിടെ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ഹാളിലാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നത്. ഇവിടത്തെ ശുചിത്വക്കുറവ് പലപ്പോഴും പരാതിക്കിടയാക്കുന്നതാണ്. ചെറിയ കുഞ്ഞുങ്ങളുമായി അമ്മമാരും സഹായികളും ഏണിപ്പടി കയറിയാണ് മൂന്നാമത്തെ നിലയില്‍ എത്തിച്ചേരുന്നത്. താലൂക്കാശുപത്രിയില്‍ കുത്തിവെപ്പിന് പ്രത്യേകസൗകര്യമില്ല. പലപ്പോഴും കുത്തിവെപ്പ് സ്ഥലങ്ങള്‍ മാറ്റുന്നതും പ്രയാസമുണ്ടാക്കുന്നു. അധികൃതരുടെ യോഗങ്ങളില്‍ വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഉടുമ്ബുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ബുധനാഴ്ച കുഞ്ഞിന്റെ വീട്ടിലെത്തി വിവരങ്ങളാരാഞ്ഞു.