ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാര്‍

ധര്‍മശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ ധര്‍മശാലക്കും വേളാപുരത്തിനും ഇടയില്‍ വട്ടംചുറ്റി യാത്രക്കാര്‍.

മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളില്‍ മറുഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കടക്കാനുള്ള ഏക മാര്‍ഗം. ധര്‍മശാലയില്‍നിന്ന് മറു ഭാഗത്തെ സര്‍വിസ് റോഡിലേക്ക് കടക്കാൻ സംവിധാനമുണ്ടെങ്കിലും പാതയുടെ പടിഞ്ഞാറ് ഭാഗങ്ങളിലേക്കുള്ള റോഡുകളില്‍ കയറാൻ സംവിധാനമില്ല.

അതുപോലെ കീച്ചേരിയിലടക്കം വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ വ്യക്തമായ ദിശാ സൂചന ബോര്‍ഡുകളില്ലാതെ വഴിതെറ്റി യാത്ര ചെയ്യുന്നവരും ധാരാളം. രാത്രി കാലത്താണ് ഇത്തരം യാത്രാ പ്രശ്നങ്ങള്‍ ദേശീയപാതയിലൂടെ പോകുന്നവര്‍ക്ക് കൂടുതലായി അനുഭവപ്പെടുന്നത്. തളിപ്പറമ്ബ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ വഴിതിരിച്ച്‌ സര്‍വീസ് റോഡ് വഴിയാണ് വിടുന്നത്. പിന്നീട് മറുഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് കയറാൻ വട്ടം ചുറ്റി മാങ്ങാട് വരെചെന്ന് കണ്ണപുരം ചൈനാ ക്ലേ റോഡിലേക്ക് കയറാം. പാത വികസനം നടക്കുമ്ബോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ദേശീയപാതക്കായി നിര്‍മിക്കുന്ന വൻ മതില്‍ കൂടി വന്നാല്‍ മറുഭാഗത്തേക്ക് എങ്ങനെ കടക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രശ്നം കരാറുകാരോടും ദേശീയപാത അധികൃതരോടും നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

ധര്‍മശാലയില്‍ മേല്‍പ്പാലം വന്നാലും അതിന്റെ ദൈര്‍ഘ്യം കെല്‍ട്രോണ്‍ വരെ നീട്ടുന്നില്ലെങ്കില്‍ ജനങ്ങള്‍ വട്ടം കറങ്ങേണ്ടിവരും. പ്രവൃത്തികള്‍ക്കിടയിലെ ട്രാഫിക് സംവിധാനത്തില്‍ കൂടുതല്‍ വലഞ്ഞത് രോഗികളും വയോജനങ്ങളും വിദ്യാര്‍ഥികളുമാണ്.

രോഗികള്‍ക്ക് ബക്കളം, പറശ്ശിനിക്കടവ് ഭാഗങ്ങളിലേക്കുള്ള ആശുപത്രികളില്‍ എത്തുന്നതിന് നിലവില്‍ വട്ടം ചുറ്റണം. നഗരസഭ, ബാങ്ക്, കൃഷി ഓഫിസ്, വില്ലേജ് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ് എന്നിവടങ്ങളിലേക്കെല്ലാം പോകേണ്ടവര്‍ക്ക് നിലവില്‍ കിലോമീറ്ററുകളോളം അധികദൂരം സഞ്ചരിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്താനാകൂ.