നാടിനെ നടുക്കിയ കേസില്‍ ശിക്ഷാവിധി ഇന്ന്;രണ്ടു വർഷത്തിന് ശേഷം വിധി   

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും.

കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയില്‍ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടു പേരും എസ് സിവിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.

കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റര്‍ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച്‌ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. അനാവശ്യ പരാതികള്‍ നല്‍കി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയില്‍ നടത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചര്‍ജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു. തെളിവുകളും സാക്ഷി മൊഴികളും അനുകൂലമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സ്പെഷ്യല്‍ പബ്സിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരൻ പിള്ള പറഞ്ഞു.